റെക്കോര്‍ഡുകള്‍ തകര്‍ന്ന് ദുബായില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പ്രവാസികള്‍ക്ക് വന്‍ ലാഭത്തില്‍ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം
ദുബായ്: മാസങ്ങളായി ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത് ഗള്‍ഫ് മലയാളി ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ ആശ്വാസമാകുന്നു.
വലിയ ഉയര്‍ച്ച താഴ്ചകള്‍ പ്രകടമായ ജൂണ്‍ മാസത്തെ റെക്കോര്‍ഡ് നിരക്കുകളില്‍ നിന്ന് വില ജനുവരി 25ന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിനോട് അടുത്ത നിലയിലേക്ക് എത്തിയതോടെ വിപണിയില്‍ വന്‍ ഉണര്‍വാണ് ദൃശ്യമാകുന്നത്.
ജൂണ്‍ 29 തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 489.25 ദിര്‍ഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജൂണ്‍ 28 ഞായറാഴ്ച ഇത് 492.75 ദിര്‍ഹമായിരുന്നു. മലയാളി ഉപയോക്താക്കള്‍ കൂടുതല്‍ വാങ്ങുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 453 ദിര്‍ഹമായി കുറഞ്ഞു. മുന്‍ദിവസം ഇത് 456.25 ദിര്‍ഹമായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ജൂണ്‍ 2ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ പ്രകടമാകുന്നത്. അന്ന് 24 കാരറ്റിന് 542.50 ദിര്‍ഹവും 22 കാരറ്റിന് 502.25 ദിര്‍ഹവുമായിരുന്നു വില.
ഇതനുസരിച്ച് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും മാറ്റിവച്ചാല്‍ പോലും ഏകദേശം 492 ദിര്‍ഹത്തിന്റെ വന്‍ ലാഭമാണ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്നത്. ജൂണ്‍ ആദ്യവാരം വളരെ ഉയര്‍ന്ന നിരക്കിലാണ് ബിസിനസ് ആരംഭിച്ചത്.
ജൂണ്‍ 1ന് 539.75 ദിര്‍ഹമായിരുന്ന 24 കാരറ്റ് സ്വര്‍ണവില തൊട്ടടുത്ത ദിവസം 542.50 ദിര്‍ഹത്തിലേക്ക് ഉയര്‍ന്നിരുന്നു. 22 കാരറ്റ് സ്വര്‍ണവിലയും ആദ്യ രണ്ട് ദിവസങ്ങളില്‍ 500 ദിര്‍ഹത്തിന് മുകളിലായിരുന്നു.
എന്നാല്‍ ജൂണ്‍ 5ഓടെ വലിയ ഇടിവ് രേഖപ്പെടുത്തി 24 കാരറ്റ് 522.50 ദിര്‍ഹത്തിലും 22 കാരറ്റ് 483.75 ദിര്‍ഹത്തിലുമെത്തി. തുടര്‍ന്ന് ജൂണ്‍ 10ഓടെ വില വീണ്ടും കുറഞ്ഞ് യഥാക്രമം 492.50, 456 ദിര്‍ഹം നിരക്കുകളിലെത്തിയിരുന്നു.
മാസത്തിന്റെ പകുതിയോടെ വില നേരിയ തോതില്‍ ഉയര്‍ന്ന് 24 കാരറ്റ് 520 ദിര്‍ഹത്തിന് മുകളില്‍ എത്തിയെങ്കിലും ആ മുന്നേറ്റം നിലനിര്‍ത്താനായില്ല. ജൂണ്‍ 25നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 24 കാരറ്റിന് 486 ദിര്‍ഹവും 22 കാരറ്റിന് 450 ദിര്‍ഹവുമായിരുന്നു വില. ജൂണ്‍ 29 തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്ക് ഈ കുറഞ്ഞ നിരക്കിനോട് ഏറെ അടുത്താണ് നില്‍ക്കുന്നത്.
വില കുത്തനെ കുറഞ്ഞതോടെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി വലിയ തോതില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്ന പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് നല്ലൊരു അവസരമായി മാറിയിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറിന് അടുത്ത് തുടരുകയാണ്.
അമേരിക്കയും ഇറാനും തമ്മിലുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വിപണിയിലെ ഈ മാറ്റങ്ങള്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.