സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയുടെ കുറവ്

 
gold


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1,15,920 രൂപയായിരുന്ന വില ഇന്ന് 240 രൂപ താഴ്ന്ന് 1,15,680 രൂപയിലെത്തി. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. 


ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,460 രൂപയായി. ഇന്നലത്തെ വര്‍ധനവിന് ശേഷം വില താഴേക്ക് വന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് പലിശനിരക്കില്‍ ഉടന്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന സൂചനകളും സ്വര്‍ണ്ണവില പിടിച്ചുനിര്‍ത്താന്‍ കാരണമായി. 

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ അസ്ഥിരതയും വിപണിയില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ നിലവില്‍ കരുതലോടുള്ള സമീപനമാണ് സ്വീകരിക്കുന്നത്.


പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പിന് കാരണമാകുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നെങ്കിലും മാര്‍ച്ച് മാസത്തില്‍ വിപണിയില്‍ അപ്രതീക്ഷിത മാറ്റങ്ങളാണ് പ്രകടമാകുന്നത്. 

നിലവിലെ വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമോ എന്ന് നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡും വരാനിരിക്കുന്ന സാമ്പത്തിക നയങ്ങളും വിലയെ വരും ദിവസങ്ങളില്‍ സ്വാധീനിച്ചേക്കാം.

Tags

Share this story

From Around the Web