സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവ്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,015
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,015 രൂപയായി കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞു. പവന്റെ വില 1,04,120 രൂപയായാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 55 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,650 രൂപയായും പവന്‍േറത് 85,200 രൂപയായും കുറഞ്ഞു.
അതേസമയം, കനത്ത ഇടിവിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ തിരിച്ചുകയറ്റം. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം ഇടിഞ്ഞ സ്വര്‍ണം ബുധനാഴ്ച നേട്ടത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുന്നേറ്റത്തിന് വേഗം കുറവാണ്. യുഎസില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പവും അടുത്ത മാസം ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണവിലയുടെ കുതിപ്പിന് തടയിടുന്നത്.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 4,043.62 ഡോളറിലെത്തി. ചൊവ്വാഴ്ച ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞ് 4,017.21 ഡോളറിലേക്കെത്തിയ ശേഷമാണ് തിരിച്ചുകയറ്റം. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,051.10 ഡോളറിലെത്തി.
എന്നാല്‍ സ്വര്‍ണവിപണിയിലെ ആശങ്കകള്‍ പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഒക്ടോബറിലെ യുഎസ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകള്‍ മാറ്റിയത്. ഇതോടെ ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത ശക്തമായി. പലിശനിരക്കില്‍ അര ശതമാനത്തിന്റെ വര്‍ധനയുണ്ടാകാമെന്ന വിലയിരുത്തലുകളും വിപണിയില്‍ സജീവമാണ്.