സ്വര്‍ണവില 10,000 രൂപ വരെ കുറയും; സുപ്രധാന നീക്കത്തിന് കേന്ദ്രം
മുംബൈ: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. 15 ശതമാനത്തില്‍ നിന്നും ആറ് ശതമാനമാക്കി തീരുവ കുറക്കാനാണ് നീക്കം. നേരത്തെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി കുറക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചത്.
ഈ വര്‍ഷം മേയ് 13നാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയത്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണയ ശേഖരത്തിന് മേലുള്ള സമ്മര്‍ദം കുറയ്ക്കുകയുമായിരുന്നു ലക്ഷ്യം.
എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം നിയമപരമായി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും അനധികൃതമായി രാജ്യത്തേക്ക് എത്തുന്ന സ്വര്‍ണത്തിന്റെയും വിലയില്‍ വലിയ വ്യത്യാസം ഉണ്ടായെന്നാണ് വ്യവസായ മേഖലയുടെ വാദം. ഇതോടെ സ്വര്‍ണക്കളക്കടത്ത് വര്‍ധിക്കാനുള്ള സാധ്യതയും ഉയര്‍ന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.തീരുവ 6 ശതമാനമാക്കി കുറച്ചാല്‍ നിയമപരമായ ഇറക്കുമതിക്ക് കൂടുതല്‍ ആകര്‍ഷകമായ സാഹചര്യം ഉണ്ടാകുമെന്നും, അനധികൃത സ്വര്‍ണ ഇറക്കുമതിയുടെ പ്രോത്സാഹനം കുറയ്ക്കാനാകുമെന്നും സ്വര്‍ണ വ്യവസായരംഗത്തുള്ളവര്‍ പറയുന്നു.
അതേസമയം, മേയ് മാസത്തിലെ തീരുവ വര്‍ധനയ്ക്ക് ശേഷവും സ്വര്‍ണ ഇറക്കുമതി പൂര്‍ണമായി കുറഞ്ഞില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5 ശതമാനം ഉയര്‍ന്ന് 6.13 ബില്യണ്‍ ഡോളറിലെത്തി. മേയ് മാസത്തിലും, ഉയര്‍ന്ന തീരുവ പ്രാബല്യത്തില്‍ ഉണ്ടായിരുന്നത് മാസത്തിന്റെ പകുതിയോളം മാത്രമായിരുന്നെങ്കിലും ഇറക്കുമതി ഏകദേശം 34 ശതമാനം ഉയര്‍ന്നിരുന്നു.
കൂടുതല്‍ കണ്ടെത്തുക
ഇതിനിടെ, ഉയര്‍ന്ന തീരുവ സര്‍ക്കാരിന് വലിയ വരുമാനവും നല്‍കിയിട്ടുണ്ട്. മേയ് 13 മുതല്‍ ഓഗസ്റ്റ് 2 വരെ സ്വര്‍ണ ഇറക്കുമതിയില്‍ നിന്ന് മാത്രം 10,040 കോടി കസ്റ്റംസ് തീരുവ സര്‍ക്കാര്‍ സമാഹരിച്ചതായി ലോക്സഭയില്‍ ധനകാര്യ സഹമന്ത്രി പങ്കുവച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇനി തീരുവ കുറച്ചാല്‍ സ്വര്‍ണവിലയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷ. പ്രത്യേകിച്ച് 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി തീരുവ കുറച്ചാല്‍ ഇറക്കുമതി ചെലവില്‍ ഗണ്യമായ കുറവുണ്ടാകും. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവില, രൂപ-ഡോളര്‍ നിരക്ക്, ജിഎസ്ടി, ആഭരണങ്ങളുടെ നിര്‍മാണച്ചെലവ് തുടങ്ങിയ ഘടകങ്ങളും ആഭ്യന്തര സ്വര്‍ണവിലയെ ബാധിക്കുന്നതിനാല്‍ തീരുവ കുറയുന്ന മുഴുവന്‍ തുകയും ഉപഭോക്താവിന് നേരിട്ട് ലഭിക്കണമെന്നില്ല. എങ്കിലും 10,000 രൂപക്കടുത്ത് കുറവ് വിലയിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന വിദഗ്ധര്‍ ഏറെയുണ്ട്.വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.