വിപണിയില്‍ മുല്ലപ്പൂവിന് 'പൊന്നുംവില'; കല്യാണസീസണില്‍ മുല്ലപ്പൂവില കിലോയ്ക്ക് 5,000 രൂപ
മകരമാസത്തിലെ വിവാഹ തിരക്കുകള്‍ക്ക് മുന്നോടിയായി വിപണിയില്‍ മുല്ലപ്പൂവില കുതിച്ചുയരുന്നു. ഗുരുവായൂരില്‍ ഞായറാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 5,000 രൂപ വരെയാണ് രേഖപ്പെടുത്തിയത്. ഒരു മുഴം പൂവിന് ഗുണനിലവാരമനുസരിച്ച് 100 രൂപ മുതല്‍ 250 രൂപ വരെ നല്‍കേണ്ടി വരുന്നത് കല്യാണ ആവശ്യങ്ങള്‍ക്കായി പൂവ് വാങ്ങാനെത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ ആഴ്ച കേവലം 50 രൂപയായിരുന്ന ഒരു മുഴം പൂവിനാണ് ഇപ്പോള്‍ ഇരട്ടിയോളം വര്‍ധനവുണ്ടായിരിക്കുന്നത്. അടുപ്പിച്ചു കെട്ടിയ പൂക്കള്‍ക്ക് 250 രൂപ വരെ ഈടാക്കുന്നുണ്ട്. ഗുരുവായൂര്‍ വിപണിയില്‍ പലയിടങ്ങളിലും 120 മുതല്‍ 150 രൂപ നിരക്കിലാണ് സാധാരണ മുല്ലപ്പൂവ് വില്‍പന നടന്നത്.
തമിഴ്നാട്ടിലെ കനത്ത മഞ്ഞുവീഴ്ചയും പകല്‍ സമയത്തെ അമിതമായ ചൂടുമാണ് ഉത്പാദനം കുറയാന്‍ കാരണമായത്. മഞ്ഞുവീഴ്ച മൂലം പൂക്കള്‍ വിരിയാന്‍ താമസമെടുക്കുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. മകരമാസം അടുക്കുന്നതോടെ വിവാഹങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും മുല്ലപ്പൂവിന്റെ ഡിമാന്‍ഡും വിലയും ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൂക്കച്ചവടക്കാര്‍ സൂചിപ്പിക്കുന്നു.