ദൈവത്തിന്റെ കരവേല അവന്റെ മഹത്വം പ്രഘോഷിക്കുന്നു: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:റോമിലെ റെജീന അപ്പോസ്‌തോലോരും പൊന്തിഫിക്കല്‍ കോളജില്‍ 'സൃഷ്ടിയുടെ ഭാഷകള്‍: പ്രത്യാശയുടെ പാതയായി, പ്രകൃതിപാഠത്തിന്റെ ശാസ്ത്രീയ, ദാര്‍ശനിക, ദൈവശാസ്ത്രപരമായ വ്യാഖ്യാനശാസ്ത്രങ്ങള്‍' എന്ന പ്രമേയത്തെ ആധാരമാക്കി, പന്ത്രണ്ടാമത് ലാറ്റിനമേരിക്കന്‍ ശാസ്ത്ര-മത ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കും, സംഘാടകര്‍ക്കും, ലിയോ പതിനാലാമന്‍ പാപ്പായുടെ ആശംസകള്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അയച്ചു.
സന്ദേശത്തില്‍ ദൈവത്തിന്റെ സൃഷ്ടിയുടെ മാഹാത്മ്യത്തെ എടുത്തു പറയുന്ന, വിശുദ്ധ അഗസ്റ്റിന്റെ ഏതാനും ഉദ്ധരണികള്‍ കൂട്ടിച്ചേര്‍ത്തു. 'അളക്കപ്പെടുവാന്‍ സാധിക്കുന്നതില്‍ നിന്നും വിശാലതയിലേക്ക് കടക്കുവാനും, അളവില്ലാത്ത ദൈവീക അളവിനെ പറ്റി ധ്യാനിക്കുവാനും, എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധിക്കുന്നതിനെ മറികടക്കുവാനും, എണ്ണമില്ലാത്ത ദൈവീക എണ്ണത്തെ ധ്യാനിക്കുവാനും, പാപമാകുന്നതിനെ മറികടക്കുവാനും, ഭാരമില്ലാത്ത ദൈവീക ഭാരത്തെക്കുറിച്ച് ചിന്തിക്കാനും' അങ്ങനെ ജീവിത പാതകള്‍ ചിട്ടപ്പെടുത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ദൈവത്തിന്റെ കരവേല, അതിന്റെ സ്രഷ്ടാവിന്റെ മഹത്വം വാക്കുകളുടെ അകമ്പടിയില്ലാതെ പ്രഘോഷിക്കുന്നുവെന്നും, മനുഷ്യന് തന്റെ ജീവിതത്തിലെ ശോഭനമായ ദിവസങ്ങളുടെ പ്രൗഢിയില്‍ മാത്രമല്ല, മനുഷ്യാവസ്ഥയ്ക്ക് അനുയോജ്യമായ വേദനയുടെയും കഷ്ടതയുടെയും രാത്രികളിലും ദൈവത്തിന്റെ പ്രത്യാശയുടെ സന്ദേശം കേള്‍ക്കാന്‍ കഴിയുമെന്നും, സങ്കീര്‍ത്തനവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.
തുടര്‍ന്ന്, പ്രഭാതനക്ഷത്രമായി വിളങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയ്ക്ക് ഏവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും, തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കുകയും ചെയ്തു.