അള്‍ത്താര ശുശ്രൂഷയില്‍ ദൈവീക മഹത്വം തിരിച്ചറിയണം: പാപ്പാ

വത്തിക്കാന്‍:ജൂബിലി വര്‍ഷത്തോടനുബന്ധിച്ച്, റോമിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന ഫ്രാന്‍സിലെ അള്‍ത്താര ശുശ്രൂഷകരുടെ ദേശീയ സംഘത്തെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
സന്ദര്‍ശനവേളയില്‍, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുമ്പോള്‍, യേശുവിലേക്ക് നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിക്കുവാനും, വിശ്വാസത്തിലും, സ്‌നേഹത്തിലും വളരുവാനും, അപ്രകാരം മികച്ച ശിഷ്യഗണമായി മാറി പരിവര്‍ത്തനത്തിലേക്ക് കടന്നുവരുവാന്‍ സാധിക്കണമെന്നു, പാപ്പാ, ആമുഖമായി സന്ദേശത്തില്‍ പറഞ്ഞു. ഇങ്ങനെ മാത്രമേ, നിത്യജീവിതത്തെ ലക്ഷ്യം വച്ചുകൊണ്ട്, നമ്മുടെ ജീവിതങ്ങളെ മനോഹരമാക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും പാപ്പാ പറഞ്ഞു.
ഹൃദയത്തിന്റെ രഹസ്യത്തില്‍ യേശുവിനോട് സംസാരിക്കാനും അവനെ കൂടുതല്‍ സ്‌നേഹിക്കാനും സമയം ചിലവഴിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുക എന്നതാണ് കര്‍ത്താവിന്റെ ആഗ്രഹമെന്നും, അതിനാല്‍, യേശുവിന്റെ വിശ്വസ്തതയുള്ള സുഹൃത്തുക്കളായി മാറുക എന്നത് പ്രധാനമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഇതിനായി കര്‍ത്താവ് നമ്മുടെ ജീവിതത്തിന്റെ വാതിലുകളില്‍ നിരന്തരം മുട്ടിവിളിക്കുന്നുണ്ടെന്നും, അവന്റെ സ്വരം ശ്രവിച്ചുകൊണ്ട് അവനായി വാതിലുകള്‍ തുറന്നുകൊടുക്കണമെന്നും പാപ്പാ അള്‍ത്താര ശുശ്രൂഷകരെ ക്ഷണിച്ചു.
തുടര്‍ന്ന്, വിശുദ്ധ വര്‍ഷത്തിന്റെ പ്രധാന പ്രമേയമായ പ്രത്യാശയിലേക്ക് ജീവിതങ്ങളെ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. ലോകം മോശമായി പോകുന്നുവെന്നും കൂടുതല്‍ ഗൗരവമേറിയതും അസ്വസ്ഥപ്പെടുത്തുന്നതുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും എന്നുള്ളത് യാഥാര്‍ഥ്യമായി മനസിലാകുമ്പോള്‍, ആരു നമ്മുടെ രക്ഷയ്ക്കായി എത്തുമെന്നതിനു, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ചരിത്രത്തില്‍ പ്രതിധ്വനിക്കുന്ന ഉത്തരം, യേശു മാത്രമെന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.
നമ്മുടെ രക്ഷയ്ക്കായി സ്വര്‍ഗ്ഗത്തിന്‍ കീഴില്‍ മനുഷ്യര്‍ക്കു നല്‍കപ്പെട്ട മറ്റൊരു നാമമില്ല; അത് യേശു മാത്രമാണെന്നും പാപ്പാ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 'യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുക. അവനെ സ്‌നേഹിക്കാനും അനുഗമിക്കാനും മുമ്പെന്നത്തേക്കാളും ദൃഢനിശ്ചയത്തോടെ മുന്‍പിട്ടു വരിക', പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രൂശില്‍ സ്വയം അര്‍പ്പിച്ചുകൊണ്ട് അവന്‍ തന്റെ ജീവന്‍ നമുക്കായി നല്‍കി എന്നതാണ് അവന്റെ സ്‌നേഹത്തിന്റെ മഹത്തായ വെളിപ്പെടുത്തലെന്നും, ഇതാണ് രക്ഷയ്ക്കുള്ള അടയാളമെന്നും പാപ്പാ പറഞ്ഞു. നമ്മെ ഇത്രയധികം സ്‌നേഹിച്ച ഒരു ദൈവത്തെ നാം എന്തിനു ഭയപ്പെടണം? എന്ന് ചോദിച്ച പാപ്പാ, നമ്മെ പരിപാലിക്കുകയും, നിത്യജീവിതത്തെ നമുക്ക് സമ്മാനമായി നല്‍കുകയും ചെയ്തുവെന്നും പറഞ്ഞു.
കര്‍ത്താവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഓര്‍മകള്‍ സഭ, തലമുറകളായി ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കുന്നുവെന്നും, ഇതിന്റെ ആഘോഷമാണ് വിശുദ്ധ കുര്‍ബാനയെന്നും പാപ്പാ ഓര്‍മ്മപെടുത്തി.
പുരോഹിതന്റെ കയ്യില്‍, 'ഇത് എന്റെ ശരീരം, ഇത് എന്റെ രക്തം' എന്ന അവന്റെ വാക്കുകളില്‍, യേശു ഇപ്പോഴും യാഗപീഠത്തില്‍ തന്റെ ജീവന്‍ അര്‍പ്പിക്കുന്നുവെന്നും, അവന്‍ ഇന്നും നമുക്കായി തന്റെ രക്തം ചൊരിയുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ക്രൈസ്തവ ജീവിതത്തില്‍, സ്‌നേഹത്തില്‍ യേശുവിനെ കണ്ടുമുട്ടുന്നതാണ് ഓരോ വിശുദ്ധ കുര്‍ബാനയാചരണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ക്രിസ്ത്യാനി കുര്‍ബാനയ്ക്ക് പോകുന്നത് കര്‍ത്തവ്യം നിമിത്തമല്ല, മറിച്ച് അവന് അത് തികച്ചും ആവശ്യമുള്ളതുകൊണ്ടാണെന്നും, പ്രതിഫലമായി ഒന്നും ചോദിക്കാതെ തന്നെത്തന്നെ നല്കുന്ന യേശുവിനെയാണ് നാം സ്വീകരിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഇത് സന്തോഷം അനുഭവിക്കുന്നതിനുള്ള അവസരമാണെന്നും, അള്‍ത്താര ശുശ്രൂഷകരുടെ മനോഭാവം, നിശബ്ദത, സേവനത്തിന്റെ അന്തസ്സ്, ആരാധനാ സൗന്ദര്യം എന്നിവ വിശ്വാസികളെ കൂടുതല്‍ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാന്‍ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.
ഫ്രാന്‍സില്‍ പുരോഹിതരുടെ അഭാവം ഒരു വലിയ നിര്‍ഭാഗ്യമാണെന്നും, അതിനാല്‍ പൗരോഹിത്യത്തില്‍ അവനെ കൂടുതല്‍ അടുത്ത് അനുഗമിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിന് നിങ്ങള്‍ ശ്രദ്ധ നല്‍കുമെന്നു താന്‍ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
തന്റെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രത്തില്‍, യേശുവിനെ അസാധാരണമായ രീതിയില്‍ കണ്ടുമുട്ടുകയും ലോകത്തിന് നല്‍കുകയും ചെയ്യുന്ന പുരോഹിതന്റെ ജീവിതം എത്ര അത്ഭുതകരമായ ജീവിതമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.