സഭയ്ക്കും ലോകത്തിനുമായി ദൈവമേകുന്ന കൃപയാണ് ദൈവവിളി: ലിയോപാപ്പാ
ആദ്ധ്യാത്മികതയുടെ കണ്ണുകളോടെ നോക്കുന്നവര്‍ക്ക് ഇടയനായ ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്ര ഭംഗിയുള്ളതാണെന്ന് തിരിച്ചറിയാനാകുമെന്ന് ലിയോപാപ്പാ.
ആടുകള്‍ക്ക് വേണ്ടി സ്വജീവന്‍ നല്‍കാന്‍ തയ്യാറാകുന്ന നല്ലിടയനായ യേശുവിനെ അനുഗമിക്കുന്നവര്‍ അവന്റേതിന് സമാനമായ മനോഹരമായ ജീവിതമാണ് നയിക്കുകയെന്നും പരിശുദ്ധ പിതാവ് എഴുതി.
ഈ വര്‍ഷത്തിലെ ഉയിര്‍പ്പ് കാലം നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന ദൈവവിളികള്‍ക്കുവേണ്ടിയുള്ള അറുപത്തിമൂന്നാമത് ആഗോളപ്രാര്‍ത്ഥനാദിനവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ദൈവവിളിയുടെ പ്രത്യേകതകളും മൂല്യവും എടുത്തുപറഞ്ഞത്.
ഭംഗിയുള്ള ജീവിതം
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ (യോഹ. 10, 11) യേശു തന്നെ 'ഭംഗിയുള്ള' ഇടയനായാണ് അവതരിപ്പിക്കുന്നതെന്ന് എഴുതിയ പാപ്പാ, മറ്റുള്ളവരിലേക്ക് പകരുന്ന ഈ ആദ്ധ്യാത്മിക ഭംഗിയാണ്, വിശുദ്ധരില്‍ നാം കാണുന്നതെന്ന് വിശദീകരിച്ചു.
കുടുംബങ്ങളും ഇടവകകളും, സമര്‍പ്പിതസമൂഹങ്ങളും, മെത്രാന്മാരും വൈദികരും, ഡീക്കന്മാരും, മതാദ്ധ്യാപകരും, അല്മായരും ഉള്‍പ്പെടുന്ന ഏവരും, ദൈവവിളിയെന്ന ദാനം സ്വീകരിക്കപ്പെടുന്നതിനും, പോഷിപ്പിക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും, സമൃദ്ധമായ വിളവ് നല്‍കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സജീവമായ വിശ്വാസവും, തുടര്‍ച്ചയായ പ്രാര്‍ത്ഥനയും, സഹോദര്യപൂര്‍ണ്ണമായ പിന്തുണയും ഉണ്ടെങ്കിലേ ദൈവവിളികള്‍ പൂക്കുകയും പക്വത പ്രാപിക്കുകയും, ഏവര്‍ക്കും, ലോകത്തിന് മുഴുവനും വേണ്ടിയുള്ള സന്തോഷത്തിന്റെയും രക്ഷയുടെയും മാര്‍ഗ്ഗമായിത്തീരുകയും ചെയ്യുകയുള്ളൂ എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
നമ്മെത്തന്നേയും ദൈവത്തെയും കൂടുതലായി അറിയാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഇടയന് പിന്നാലെയുള്ള യാത്രയെന്നും പാപ്പാ എഴുതി.
പരസ്പരമുള്ള അറിവ്
സ്‌നേഹമാകുന്ന ദൈവത്തെക്കുറിച്ചുള്ള അറിവും അനുഭവവും വിളിക്കുള്ള തുടക്കമാണ്. നമ്മെ പൂര്‍ണ്ണമായി അറിയുന്ന ദൈവം, വിശുദ്ധിയുടെയും ശുശ്രൂഷയുടെയും വ്യതിരക്തമായ ഒരു മാര്‍ഗ്ഗത്തിലേക്കാണ് നമ്മെ നയിക്കുന്നത്.
എന്നാല്‍ ദൈവവിളിയുടെ ഭാഗമായി ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള പരസ്പര അറിവും ബന്ധവും ഏറെ പ്രധാനപ്പെട്ടതാണ്. പ്രാര്‍ത്ഥനയിലൂടെയും തിരുവചനവായനയിലൂടെയും കൂദാശകളിലൂടെയും, സഭയ്ക്കും സമൂഹത്തിനുമായുള്ള സമര്‍പ്പണത്തിലൂടെയുമാണ് നമുക്ക് ദൈവത്തെ അറിയാന്‍ സാധിക്കുക.
സാമുവേലിനെയെന്നപോലെ, നമ്മെ വിളിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി, ഉള്ളില്‍ നിശബ്ദതയുടെ ഇടങ്ങള്‍ ഉറപ്പാക്കാന്‍ നാം പരിശ്രമിക്കേണ്ടതുണ്ടെന്നും പരിശുദ്ധ പിതാവ് എഴുതി.
ലോകത്തിലെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും, നമ്മില്‍ വസിക്കുന്ന ദൈവവുമായുള്ള സ്വകാര്യവും ഹൃദയംഗവുമായ സംവാദം കൂടിയാണ് വിളി.
അതിനോട് ഉദാരതയോടെ പ്രതികരിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. തങ്ങളുടേതായ പരിമിതികളും കുറവുകളും ക്രിസ്തുവിന്റെ മഹത്വപൂര്‍ണ്ണമായ കുരിശില്‍ ചേര്‍ത്ത്, പൂര്‍ണ്ണതയുടെ ഒരു ജീവിതം നയിക്കാന്‍ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
ദിവ്യകാരുണ്യ ആരാധനയിലൂടെയും, വചനധ്യാനത്തിലൂടെയും അനുദിനജീവിതത്തില്‍ മുന്നോട്ട് പോയി, വിവാഹജീവിതത്തിലൂടെയും പൗരോഹിത്യജീവിതത്തിലൂടെയും, സ്ഥിരം ഡീക്കന്മാരാകാനുള്ള വിളിയിലൂടെയും, സമര്‍പ്പിത, സെക്കുലര്‍ ജീവിതരീതികളിലൂടെയും തങ്ങളെത്തന്നെ സമര്‍പ്പിക്കാനും, ദൈവത്തെ അടുത്തറിയാനും ഏവരെയും ക്ഷണിച്ച പരിശുദ്ധ പിതാവ്, എല്ലാ ദൈവവിളികളും, അവ സ്വീകരിക്കുന്നവര്‍ക്കും സഭയ്ക്കും വേണ്ടിയുളള വലിയൊരു ദാനമാണെന്ന് എഴുതി.
വിശ്വാസം
ദൈവത്തെ അറിയുന്നതിലൂടെ അവനിലുള്ള വിശ്വാസം നമ്മില്‍ കൂടുതലായി വളരുമെന്ന് എഴുതിയ പാപ്പാ, ഇതിലൂടെ ദൈവവിളി സ്വീകരിക്കാനും അതില്‍ തുടരാനും നമുക്ക് സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു.
നമ്മുടെ പദ്ധതികള്‍ക്കനുകൂലമല്ലാത്തപ്പോഴും ദൈവത്തിന്റെ പദ്ധതികള്‍ അംഗീകരിക്കുകയും, അവനില്‍ വിശ്വസിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ അപ്രതീക്ഷിതമാതൃത്വത്തിന് മുന്‍പിലും, തന്റെ ദിവ്യസ്വപ്നത്തില്‍ വിശ്വസിച്ച്, മറിയത്തെയും കുഞ്ഞിനേയും അനുസരണം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്ന വിശുദ്ധ യൗസേപ്പിന്റെ മാതൃക പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.
ദൈവികപദ്ധതിയിലുള്ള പൂര്‍ണ്ണമായ വിശ്വാസത്തിന്റെ ഒരു ചിത്രമാണ് അവനില്‍ നാം കാണുന്നത്. ദൈവദൂതനോട് പരിശുദ്ധ അമ്മ പറയുന്നതുപോലെയും, ഗദ്‌സമേനില്‍ യേശു പിതാവിനോട് പറയുന്നതുപോലെയും, ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും വിശുദ്ധ യൗസേപ്പും ദൈവത്തിന് സമ്മതമേകുന്നുണ്ടെന്ന് പാപ്പാ എഴുതി.
പ്രത്യാശയുടെ ജൂബിലിവര്‍ഷം നമ്മെ പഠിപ്പിച്ചതുപോലെ, ദൈവികവാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഉത്ഥിതന്‍ നമ്മുടെ ലോകത്തിന്റെയും വ്യക്തിജീവിതത്തിന്റെയും നാഥനാണെന്ന തിരിച്ചറിവും ബോദ്ധ്യവും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും തന്റെ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.
പക്വത
ദൈവവിളി എന്നത് പക്വത പ്രാപിക്കേണ്ട, വളരേണ്ട ഒന്നാണെന്നും, അത് ദൈവവുമായുള്ള സാമീപ്യത്തിലൂടെ, യേശുവിനൊപ്പമുള്ള ജീവിതത്തിലൂടെ, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാധ്യമാകുകയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
മുന്തിരിച്ചെടിയും വള്ളിയുമെന്നപോലെ, ശക്തമായ ഒരു ബന്ധമാണ് നമുക്ക് കര്‍ത്താവുമായുണ്ടാകേണ്ടതെന്നും, നാമനുഭവിക്കുന്ന പരീക്ഷണങ്ങളിലൂടെയും വെട്ടിയൊരുക്കലുകളിലൂടെയും ദൈവവിളിയോടുള്ള നമ്മുടെ മറുപടി കൂടുതല്‍ പൂര്‍ണ്ണമാക്കണമെന്നും പാപ്പാ എഴുതി.
ദൈവഹിതം കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന അധികാരികവും സഹോദര്യപൂര്‍ണ്ണവുമായ ബന്ധങ്ങളുടെയും, നമ്മുടെ വിളിയെ മനസ്സിലാക്കിത്തരാനും, വളര്‍ത്താനും സഹായിക്കുന്ന ആദ്ധ്യാത്മിക വഴികാട്ടിയുടെയും പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ദൈവവിളി അതിന്റെ പൂര്‍ണ്ണമായ മനോഹാരിതയില്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിലുള്ള വിചിന്തനത്തിന്റെ ആവശ്യവും പാപ്പാ ഓര്‍മ്മിപ്പിച്ചു.
അനുദിന പ്രാര്‍ത്ഥനകളിലൂടെയും വചനദ്ധ്യാനത്തിലൂടെയും ദൈവവുമായുള്ള വ്യക്തിബന്ധം വളര്‍ത്തിയെടുക്കാനും ഏവരെയും ക്ഷണിച്ച പരിശുദ്ധ പിതാവ്, അത് നിങ്ങളെ സന്തോഷമുള്ളവരാക്കുകയും, സഭയ്ക്കും ലോകത്തിനും വേണ്ട സമൃദ്ധമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് എഴുതി.
1964 ജനുവരി 23-ന് പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ച ദൈവവിളികള്‍ക്കായുള്ള ആഗോളപ്രാര്‍ത്ഥനാദിനം 1964 ഏപ്രില്‍ 12-നാണ് ആദ്യമായി ആചരിക്കപ്പെട്ടത്.