നമ്മോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന ദൈവം പാവങ്ങളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു: ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍സിറ്റി: ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരെയും, ഭവനരഹിതരും അഭയാര്‍ത്ഥികളുമായ മനുഷ്യരെയും പാവപ്പെട്ടവരെയുമാണ് ഉണ്ണിയേശുവിന്റെ പുല്‍ക്കൂടെന്ന കൂടാരത്തിലെ ദുര്‍ബലത ഓര്‍മ്മിപ്പിക്കുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
തിരുപ്പിറവിദിനത്തില്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ് പാവപ്പെട്ടവരോടും സഹനമനുഭവിക്കുന്ന മനുഷ്യരോടുമുണ്ടാകേണ്ട കരുതലിനെക്കുറിച്ചുകൂടി ക്രിസ്തുമസ് ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചത്.
പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്റെ ശരീരം, മനുഷ്യരെ കണ്ടുമുട്ടാനുള്ള ദൈവത്തിന്റെ ഹിതമാണ് വിളിച്ചോതുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, വചനമാകുന്ന ദൈവം നമുക്കിടയില്‍ സ്ഥാപിച്ച ദുര്‍ബലമായ കൂടാരമാണ് ബെത്‌ലഹേമില്‍ നാം കാണുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.
ഈ തിരുപ്പിറവിയും അതിനോട് ചേര്‍ന്നുള്ള അതുമായി ബന്ധപ്പെട്ട ദുര്‍ബലമായ കൂടാരത്തിനും മുന്നില്‍, ആഴ്ചകളായി കടുത്ത തണുപ്പിലും, മഴയിലും കാറ്റിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗാസയിലെ കൂടാരങ്ങളെയും അവിടുത്തെ ജനങ്ങളെയും, നമ്മുടെ നഗരങ്ങളിലുള്ള ഭവനരഹിതരായ ആയിരക്കണക്കിന് ആളുകളെയും എങ്ങനെ മറക്കാനാകുമെന്ന് പാപ്പാ ചോദിച്ചു.
പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ മനുഷ്യര്‍ക്കൊപ്പം, ലോകത്തിന്റെ വിവിധയിടങ്ങളില്‍ തുടരുന്ന യുദ്ധങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരെയും, സ്വന്തം താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആയുധങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ചെറുപ്പക്കാരെയും, യുദ്ധങ്ങളുടെ മുന്‍നിരയില്‍ മരണത്തിന് ഇരകളാകാന്‍ വിട്ടുകൊടുക്കപ്പെടുന്ന മനുഷ്യരെയും പാപ്പാ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. സമാധാനമായിരിക്കണം മനുഷ്യര്‍ പിന്തുടരേണ്ട പാതയെന്ന് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.
സംഘര്‍ഷങ്ങളും യുദ്ധങ്ങളുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനും സമാധാനസ്ഥാപനത്തിനും തുറന്ന മനസ്സോടെയുള്ള സംവാദത്തിന്റെ ആവശ്യം എടുത്തുകാട്ടിയ പാപ്പാ, മുട്ടിന്മേല്‍ നിന്നുകൊണ്ട്, മറ്റുള്ളവരുടെ മാനവികതയെ തിരിച്ചറിയേണ്ടതിന്റെയും മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെയും പ്രാധാന്യം തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.