ലോകം അറിയാതിരുന്ന സമർപ്പിതയെ ദൈവം പ്രശസ്തയാക്കി: അല്‍ഫോന്‍സാമ്മയെ സ്മരിച്ച് യുഹാനോൻ മാർ തെയഡോഷ്യസ്
ഭരണങ്ങാനം: ലോകത്തിന്റെ മുൻപിൽ ഒരു പ്രശസ്‌തിയും സ്വന്തമാക്കാതെ ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ ഒരു സമർപ്പിതയെ, ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്‌തയാക്കിയിരിക്കുന്നുവെന്ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യുഹാനോൻ മാർ തെയഡോഷ്യസ് പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിയുടെയും സോഷ്യൽ മീഡിയയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഈ കാലഘട്ടത്തിൽ വലിയ ആവേശ വും പ്രത്യാശയും ആന്തരിക സമാധാനവും നൽകുവാൻ അൽഫോൻസാമ്മയ്ക്ക് കഴിയുന്നതായും ബിഷപ്പ് പറഞ്ഞു. ഇന്നലെ അൽഫോൻസിയൻ ബാലദിനമായി ആചരിച്ചു. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രത്യേക ആശീർവാദ പ്രാർത്ഥനയും നടത്തി.
ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ, ഫാ.ഡോ. ജോർജ് ചേപ്പില സിഎസ്ടി, ഫാ. ബിബിൻ പടന്നമാക്കൽ, ഫാ. ജോർജ് മടിക്കാങ്കൽ സിആർഎം, ഫാ. ജോസഫ് മുണ്ടയ്ക്കൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. മാത്യു വാഴയ്ക്കാപ്പാറ എന്നിവർ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ ജപമാല തിരിപ്രദക്ഷിണം ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് നയിച്ചു.