പരിവർത്തനത്തിനും പുതിയൊരു തുടക്കത്തിനും നമ്മെ ക്ഷണിക്കുന്ന സ്നേഹമാണ് ദൈവം: തടവുകാരോട് ലിയോ പതിനാലാമൻ പാപ്പാ

 
briyans

എപ്പോഴും നമ്മെ സ്നേഹിക്കുകയും, പരിവർത്തനത്തിനും അനുതാപത്തിനും ക്ഷണിക്കുകയും, ജീവിതത്തെ മെച്ചപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്ന കരുണാർദ്രസ്നേഹമായ ദൈവത്തോട് ചേർന്ന് നിൽക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ഭൗതികമായ ഒരു തടവറയ്ക്കും, ദൈവത്തോടുള്ള അടുപ്പത്തിൽനിന്ന് നമ്മെ അകറ്റി നിറുത്താനാകില്ലെന്നും, ജൂൺ 10 ബുധനാഴ്ച രാവിലെ, കറ്റലൂണിയയുടെ തലസ്ഥാനമായ ബാഴ്സലോണയിലുള്ള ബ്രിയൻസ് 1 ജയിൽ സന്ദർശിച്ച അവസരത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

തന്റെ ജയിൽ സന്ദർശനത്തിന്റെ വേളയിൽ, തനിക്ക് മുൻപ് സംസാരിച്ച മോൻത്സെ, ഹോസെഫീന എന്നിവരുടെ സാക്ഷ്യങ്ങളെ പ്രശംസിച്ച പാപ്പാ, ജയിലിൽ നടത്തുന്ന ആദ്ധ്യാത്മികശുശ്രൂഷയുടെ പ്രാധാന്യം വെളിവാക്കുന്ന ഫാ. ഹെസൂസിന്റെ വാക്കുകളെ പ്രത്യേകം പരാമർശിച്ചു.

ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും പ്രധാന്യമർഹിക്കുന്നുവെന്ന കാര്യം എടുത്തുപറഞ്ഞ പാപ്പാ, കർത്താവിന്റെ കടാക്ഷവും കരുണാമയമായ അവന്റെ സ്നേഹവും എപ്പോഴും നമ്മുടെമേലുണ്ടെന്ന് ഓർമ്മിപ്പിച്ചു.

നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിലും പ്രിയപ്പെട്ടവരിൽനിന്നുള്ള അകൽച്ചയിലും വേദനിക്കുകയും, മുന്നോട്ട് പോകാനുള്ള ആഗ്രഹം ഇല്ലാതാകുകയും ചെയ്യുമ്പോൾ, കണ്ണുകളുയർത്തി ക്രിസ്തുവിലേക്ക് നോക്കാൻ തടവുകാരോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. നിങ്ങൾക്കൊപ്പമുള്ള അനേകം മനുഷ്യരിലൂടെ അവൻ തന്റെ സ്നേഹവും സാമീപ്യവും അറിയിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

ജീവിതത്തിലെ തെറ്റുകളല്ല നമ്മുടെ വ്യക്തിത്വത്തെ തീരുമാനിക്കേണ്ടതെന്നും, വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിലും വാക്കുകളിലും നാം കാണുന്നതുപോലെ, നമ്മെത്തന്നെ പരിവർത്തനപ്പെടുത്താൻ നമ്മെ ദൈവകൃപയ്ക്ക് വിട്ടുകൊടുത്താൽ നമ്മുടെ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും മാറ്റാനുള്ള അവസരം നമുക്ക് ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അനുനിമിഷം പ്രത്യാശയിലേക്ക് നമ്മെ ക്ഷണിക്കുന്ന കർത്താവിനോട് ചേർന്ന് നിൽക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ഭൗതികമായ ഒരു തടസങ്ങൾക്കും നമ്മെ അവനിൽനിന്ന് അകറ്റിനിറുത്താനാകില്ലെന്ന് ഓർമ്മിപ്പിച്ചു. നമുക്കുള്ളിൽ അവന്റെ വാസസ്ഥലമുണ്ടെന്ന് അവൻ നമ്മുടെ മനസ്സിനോട് പറയുന്നുണ്ടെന്നും, അവന് ഒരു അവസരം കൊടുക്കാൻ നാം തയ്യാറാകേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

നമ്മെ നാമായിരിക്കുന്ന വിധത്തിൽ സ്നേഹിക്കുന്ന ദൈവം പക്ഷെ നാം ജീവിതം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും, അവൻ നമുക്ക് പുനഃരാരംഭത്തിനുള്ള അവസരം വച്ചുനീട്ടുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. മനുഷ്യരും ക്രൈസ്തവരുമായിരിക്കുക എന്നാൽ തെറ്റിലകപ്പെടാതിരിക്കുക എന്നതിനേക്കാൾ, പരിവർത്തനത്തിനു, അനുതാപത്തിനും, അനുരഞ്ജനത്തിനും ക്ഷമയ്ക്കും തയ്യാറാകുക എന്ന അർത്ഥമാണുള്ളതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

ഇതും വായിക്കുക

അജ്ഞതയുടെ ഇരുളിലും ദൈവത്തിന്റെ പ്രകാശത്തിനായി ആഗ്രഹിക്കുക: സ്‌പെയിനിലെ യുവജനങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ

10/06/2026

അജ്ഞതയുടെ ഇരുളിലും ദൈവത്തിന്റെ പ്രകാശത്തിനായി ആഗ്രഹിക്കുക: സ്‌പെയിനിലെ യുവജനങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ

Tags

Share this story

From Around the Web