12 ലക്ഷത്തിലേറെപ്പേർക്ക് രക്ഷകരായി മനുഷ്യക്കടത്തിനെതിരായ സന്യാസിനിമാരുടെ ആഗോള ശൃംഖല

 
09999

മനുഷ്യക്കടത്തിനും ചൂഷണങ്ങൾക്കുമെതിരെ പോരാടുന്ന കത്തോലിക്കാ സന്യാസിനിമാരുടെ അന്താരാഷ്ട്ര ശൃംഖലയായ ‘തലിതാ കും’ (Talitha Kum) കഴിഞ്ഞ വർഷം (2025) ലോകമെമ്പാടുമായി 1.21 ദശലക്ഷത്തോളം (12 ലക്ഷത്തിലധികം) ആളുകൾക്ക് തുണയായതായി റിപ്പോർട്ട്. ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ (UISG) സംഘടിപ്പിക്കുന്ന തലിതാ കും ജൂലൈ 29-നാണ് തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2024) തലിതാ കും വഴിയുള്ള സഹായങ്ങളിൽ 29.6 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 113 രാജ്യങ്ങളിലായി 68 ദേശീയ ശൃംഖലകൾ തലിതാ കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കഴിഞ്ഞ വർഷം മലാവി, ബോട്സ്വാന, ലെസോത്തോ, ഈസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 6,387 സന്യാസിനിമാരും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഇന്ന് തലിതാ കും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 882 സ്ത്രീ സന്യാസിനി സഭകളും 100 പുരുഷ സഭകളും ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

മനുഷ്യക്കടത്തിന് ഇരയായ 27,329 പേർക്ക് സുരക്ഷിത താവളങ്ങൾ, തടങ്കലിൽ നിന്നുള്ള മോചനം, വൈദ്യസഹായം, മാനസിക-നിയമ പിന്തുണ, തൊഴിൽ പരിശീലനം എന്നിവ ലഭ്യമാക്കുവാൻ ഈ സംഘടനയ്ക്ക് ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. ഇന്റർനെറ്റും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ആളുകളെ ചതിയിൽപെടുത്തുന്ന പ്രവണത വർധിച്ചുവരുന്നതായി തലിതാ കും ഇന്റർനാഷണൽ കോഓർഡിനേറ്റർ സിസ്റ്റർ ആബി അവെലിനോ (Sr. Abby Avelino) ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങൾക്കായി ആളുകളെ നിർബന്ധിച്ച് ഉപയോഗിക്കുന്ന രീതികളും വർധിച്ചിട്ടുണ്ട്. 2009-ൽ രൂപീകൃതമായ ‘തലിതാ കും’ എന്ന അരമായ പദത്തിന്റെ അർഥം “പെൺകുട്ടിയേ, എഴുന്നേൽക്കൂ” (സുവിശേഷത്തിൽ യേശു ക്രിസ്തു ബാലികയെ ജീവനിലേക്ക് തിരികെ വിളിക്കാൻ ഉപയോഗിച്ച വാക്ക്) എന്നാണ്. ആഗോളതലത്തിൽ പ്രതിവർഷം 50 ദശലക്ഷത്തോളം ആളുകൾ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) കണക്കുകൾ വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web