ആഗോള ഭക്ഷ്യപ്രതിസന്ധി: യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീഷണിയാകുന്നെന്ന് വത്തിക്കാൻ
യുദ്ധങ്ങൾ, സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ആഗോള ഭക്ഷ്യശൃംഖലയെ തകർക്കുന്നതിൽ പരിശുദ്ധ സിംഹാസനം കടുത്ത ആശങ്ക രേഖപ്പെടുത്തി. താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) 35-ാമത് പ്രാദേശിക സമ്മേളനത്തിലാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.
വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ഫെർണാണ്ടോ ചിക്ക അരെല്ലാനോ പ്രാദേശിക ഭക്ഷ്യസംവിധാനങ്ങൾ മാനുഷിക അന്തസ്സിന് മുൻഗണന നൽകണമെന്ന് സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇറാൻ-അമേരിക്ക സംഘർഷം തുടങ്ങിയവ ആഗോള വിപണിയിൽ ഇന്ധനത്തിന്റെയും വളത്തിന്റെയും വില വർധിപ്പിക്കുകയും ധാന്യ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുഡാൻ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങൾ പട്ടിണി രൂക്ഷമാക്കുന്നതായും അദ്ദേഹം പറഞ്ഞു. “കരുണയില്ലാത്ത യുദ്ധങ്ങളും വിപണിയിലെ അനിശ്ചിതത്വവും ചേർന്ന മാരകമായ അവസ്ഥ ലോകത്തെ ഭക്ഷ്യസംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്,” മോൺസിഞ്ഞോർ അരെല്ലാനോ വ്യക്തമാക്കി.
പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക നീതിയും ഉറപ്പാക്കുന്ന പുതിയ ഭക്ഷ്യ മാതൃകകളിലേക്ക് രാജ്യങ്ങൾ മാറണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു. കേവലം ലാഭം ലക്ഷ്യമിട്ടുള്ള ചൂഷണത്തിന് പകരം പാർശ്വവൽക്കരിക്കപ്പെട്ട ഗ്രാമീണ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണം. കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ഒഴിവാക്കാൻ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങൾ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യന്റെ അന്തസ്സിനെ കേന്ദ്രീകരിച്ചുള്ളതും ഭാവി തലമുറയുടെ ആവശ്യങ്ങളെ ബലികഴിക്കാത്തതുമായ സുരക്ഷിതമായ ഭക്ഷ്യസംവിധാനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് വത്തിക്കാൻ ഓർമ്മിപ്പിച്ചു. രാജ്യങ്ങൾ പരസ്പര സൗഹാർദത്തോടെ ഏകോപിതമായി പ്രവർത്തിച്ചാൽ മാത്രമേ എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ കഴിയൂ എന്ന സന്ദേശത്തോടെയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.