2026 ലെ ആഗോള സൃഷ്ടിപരിപാലന പ്രാർഥനാദിനം: പ്രമേയം പ്രഖ്യാപിച്ചു

 
Vatican

2026 സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന ആഗോള സൃഷ്ടിപരിപാലന പ്രാർഥനാദിനത്തിന്റെ ഔദ്യോഗിക പ്രമേയം പ്രഖ്യാപിച്ച് വത്തിക്കാൻ. ലെയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുത്ത “അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല” (ഏശയ്യ 2:4) എന്ന തിരുവചനമാണ് ഈ വർഷത്തെ പ്രമേയമെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ മന്ത്രാലയം (Dicastery for Promoting Integral Human Development) അറിയിച്ചു.

അതേസമയം, യുദ്ധങ്ങളും സായുധസംഘട്ടനങ്ങളും പ്രകൃതിവിനാശത്തിന് എങ്ങനെ കാരണമാകുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് മാർപാപ്പയുടെ ഈ വർഷത്തെ സന്ദേശമെന്ന് വത്തിക്കാൻ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണവും പ്രകൃതിചൂഷണവും ‘സൃഷ്ടിയെ പരിപാലിക്കുക’ എന്ന, മനുഷ്യന്റെ പരമപ്രധാനമായ കടമയുടെ ലംഘനമാണെന്നും ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ജീവന് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു.


യുദ്ധങ്ങൾ പ്രകൃതിവിഭവങ്ങളിൽ ഏൽപിക്കുന്ന ആഘാതത്തെക്കുറിച്ച് ഇന്ന് ആഗോളതലത്തിൽ വ്യാപകമായ ബോധ്യമുണ്ടെങ്കിലും, സംഘട്ടനങ്ങൾ തടയുന്നതിനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും അനുയോജ്യമായ സംവിധാനങ്ങളോ, ഉത്തരവാദിത്തമുള്ള തീരുമാനങ്ങളോ രൂപീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വത്തിക്കാൻ ചൂണ്ടിക്കാണിച്ചു.

Tags

Share this story

From Around the Web