ഗാസയിലെ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആഗോള കത്തോലിക്കാ സഭാധിപന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ -->

ഗാസയിലെ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആഗോള കത്തോലിക്കാ സഭാധിപന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

 
LEO 14

വത്തിക്കാന്‍ സിറ്റി: ഏറെക്കാലമായി തുടരുന്ന ഗാസയിലെ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആഗോള കത്തോലിക്കാ സഭാധിപന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. വത്തിക്കാനില്‍ ആരാധനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാര്‍പ്പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കു നേരെ ആക്രമണമുണ്ടാകുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മാര്‍പ്പാപ്പയുടെ പ്രസ്താവന.

ഗാസയിലെ കത്തോലിക്കാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. യുദ്ധത്തിന്‍റെ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

ഗാസയില്‍ ഓരോ ദിവസവും ആക്രമണം വര്‍ധിപ്പിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നടപടിയില്‍ അമെരിക്കയും ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നതായാണ് പുറത്തു വരുന്ന പ്രതികരണങ്ങളില്‍ നിന്നു മനസിലാകുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന മാര്‍പ്പാപ്പയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്.

യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രത്തിന്‍റെ നേതാവ് "ഒരു ഭ്രാന്തനെപ്പോലെ പെരുമാറുകയാണെന്നും' എല്ലാറ്റിലും എപ്പോഴും ബോംബാക്രമണം നടത്തുകയാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ "ട്രംപിന്‍റെ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും' എന്ന് വൈറ്റ് ഹൗസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നെതന്യാഹുവിന്‍റെ നടപടികള്‍ക്കെതിരെ ഓരോ ദിവസവും പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Tags

Share this story

From Around the Web