പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊന്നു; 20 ലക്ഷം നല്‍കാമെന്ന് സമ്മതിച്ചിട്ടും ക്രൂരത; പിന്നില്‍ മുത്തച്ഛനോടുള്ള പക
ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. സെക്കന്ദരാബാദിലെ ബൊല്ലാരത്താണ് സംഭവം. ഒറേലി മോസസ് ഫെര്‍ണാണ്ടസ് എന്ന അഞ്ചുവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
കുട്ടി താമസിച്ചിരുന്ന കെട്ടിടസമുച്ചയത്തിലെ ക്ലബ് ഹൗസിന്റെ ബേസ്മെന്റില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ മുന്‍ സുരക്ഷാജീവനക്കാരനാണ് ഒറേലിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇയാള്‍ 20 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കാര്‍ഷിക ശാസ്ത്രജ്ഞനായ അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച വൈകുന്നേരമാണ് കാണാതായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ രാത്രി ഒന്‍പതുമണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയെ കാണാതാകുന്നതിന് കുറച്ചുമുന്‍പുള്ള സിസിടിവി ദൃശ്യത്തില്‍ മുന്‍സുരക്ഷാജീവനക്കാരനായ വിക്രം പിന്നില്‍ നില്‍ക്കുന്നതായി കാണാം.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് തന്റെ അച്ഛന് അറിയാത്തൊരു നമ്പറില്‍നിന്ന് കോള്‍ വന്നിരുന്നെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. പണം നല്‍കാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും വിക്രം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. കൈകാലുകള്‍ കെട്ടിയനിലയില്‍ വാട്ടര്‍ ടാങ്കിലായിരുന്നു കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ വിക്രം, സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് പോയെന്നാണ് മൊബൈല്‍ ഫോണ്‍ ലൊക്കേഷനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളെ പിടികൂടാന്‍ പത്ത് പ്രത്യേകസംഘങ്ങള്‍ക്ക് പോലീസ് രൂപംനല്‍കിയിട്ടുണ്ട്. മോശംപെരുമാറ്റത്തെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് സുരക്ഷാജീവനക്കാരന്റെ ജോലിയില്‍നിന്ന് വിക്രമിനെ പുറത്താക്കിയത്.
ഒറേലിയുടെ മുത്തച്ഛന്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതിലുള്ള വിരോധംമൂലം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.