ഹോസ്റ്റലില്‍ 'പ്രേതബാധ'. റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 600-ഓളം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വീടുകളിലേക്ക് മടങ്ങി

 
HOSTLE


അമരാവതി: ഹോസ്റ്റലില്‍ 'പ്രേതബാധ'യുണ്ടെന്ന ഭീതിയെത്തുടര്‍ന്ന് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 600-ഓളം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വീടുകളിലേക്ക് മടങ്ങി. 


മഹാരാഷ്ട്രയിലെ മേല്‍ഘട്ട് മേഖലയിലുള്ള ചിക്കല്‍ദാര താലൂക്കിലെ ഡോമ ഗ്രാമത്തിലെ ആദിവാസി ആശ്രമ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. 

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ അനിയന്ത്രിതമായി ചിരിക്കുകയും കരയുകയും ചെയ്തതാണ് പ്രേതബാധയെന്ന പ്രചാരണത്തിന് കാരണമായത്. 

എന്നാല്‍ സംഭവം മാനസിക സമ്മര്‍ദം മൂലമുള്ള 'ഡിസോസിയേറ്റീവ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍' ആണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 22 ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ഹോസ്റ്റലില്‍ താമസിക്കുന്ന ചില പെണ്‍കുട്ടികള്‍ ഒരേസമയം അസാധാരണമായി ഉച്ചത്തില്‍ കരയാനും ചിരിക്കാനും തുടങ്ങി. നിയന്ത്രിക്കാനാവാത്ത വിധം പെരുമാറിയതോടെ കുട്ടികള്‍ക്ക് ബാധകയറിയതാണെന്ന അഭ്യൂഹം പരന്നു. ഇതോടെ ഭയചകിതരായ 810 വിദ്യാര്‍ഥികളില്‍ 600 പേരും സ്‌കൂള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അമരാവതി ജില്ലാ ജനറല്‍ ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ആറ് പെണ്‍കുട്ടികളില്‍ കടുത്ത ഭയം, അമിതമായ ദുഃഖം, ശരീരവേദന, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടികള്‍ക്ക് 'ഡിസോസിയേറ്റീവ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍' എന്ന മാനസികാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

അമിതമായ മാനസിക സമ്മര്‍ദം മൂലം തലച്ചോറിന്റെ സിഗ്‌നലുകളിലുണ്ടാകുന്ന തടസ്സങ്ങളാണ് പക്ഷാഘാത ലക്ഷണങ്ങള്‍, വിറയല്‍, അപസ്മാരം, അനിയന്ത്രിതമായ വികാരപ്രകടനങ്ങള്‍ തുടങ്ങിയവയായി പുറത്തുവരുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

പഠനഭാരവും മറ്റ് മാനസിക സമ്മര്‍ദങ്ങളുമാകാം കുട്ടികളെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആദിവാസി വികസന അഡീഷണല്‍ കമ്മീഷണര്‍ സന്ദീപ് ഗോലൈത്ത് വ്യക്തമാക്കി. 

വ്യാജ പ്രചാരണങ്ങളിലും അന്ധവിശ്വാസങ്ങളിലും വീഴരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

നിലവില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ചികിത്സയും കൗണ്‍സിലിങ്ങും നല്‍കിവരികയാണ്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. 

സ്‌കൂള്‍ വിട്ടുപോയ കുട്ടികളെ രക്ഷിതാക്കളുമായി സംസാരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web