ജോർജിന്റെയും ഷോണിന്റെയും സഭാവിരുദ്ധ നിലപാടുകൾക്ക് തിരിച്ചടി
കൊച്ചി. അടുത്തടുത്ത നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുകയും, ജനപിന്തുണ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സാമൂഹ്യപ്രതിബദ്ധയുള്ള സഭാ പിതാക്കന്മാരെയും, 140- വർഷമായി മഹനീയമായി പ്രവർത്തിക്കുന്ന ദീപിക പത്രത്തെയും അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത പി സി ജോർജും ഷോൺ ജോർജും ജനവികാരം തിരിച്ചറിഞ് തിരുത്തട്ടെയെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.
"അങ്ങാടിയിൽ തോറ്റാൽ അമ്മയോട് "- എന്ന പഴംചൊല്ലൽ അനുസ്മരിക്കുന്നതുപോലെ രണ്ടായിരം വർഷങ്ങൾ പിന്നിട്ട കത്തോലിക്ക സഭയിലെ മെത്രാൻമാരെയും,അന്തസ്സില്ലാത്ത വാക്കുകൾകൊണ്ട് ആക്ഷേപിക്കുകയും,
ദീപികയുടെ മാധ്യമ ധർമ്മത്തെ വിമർശിക്കുകയും ചോദ്യംചെയ്യുകയും ചെയ്തത് സമൂഹം വേദനയോടെയാണ് വീക്ഷിച്ചതെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
അഹങ്കാരത്തിന്റെ വാക്കുകൾ ഒരിക്കലും സാമൂഹ്യപ്രവർത്തകർക്ക് യോജിച്ചതല്ലെന്ന് മനസ്സിലാക്കി പരസ്യമായി മാപ്പുപറയാനുള്ള മിനിമം മര്യാദ സഭയെ അവഹേളിച്ചവർ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുല്യാധിഷ്ട്ടിത രാഷ്രിയപ്രവർത്തനത്തെ മാത്രമേ കേരള ജനത മാനിക്കുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്നും സാബു ജോസ് പറഞ്ഞു.
വെല്ലുവിളിക്കുന്ന രീതിയിലുള്ള വാക്കുകളും, പ്രവർത്തനങ്ങളും പ്രചരണശൈലികളും കേരളത്തിലെ പ്രബുദ്ധതയുള്ള വോട്ടർമാർ സ്വീകരിക്കുകയില്ലെന്നും, അത്തരം പാർട്ടികളെയും സ്ഥാനാർഥികളെയും അവഗണിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് വിലയിരുത്തി.