ഗാസയിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗാസയിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഗാസ/ ജെറുസലേം; ഗാസയിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗാസയിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അല്‍-അഹ്ലി അറബ് ആശുപത്രിയിലെ ഡോ. മഹര്‍ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് അവിശ്വസനീയമാണെന്നും കിടക്കകള്‍ക്കായി തീവ്രമായി തിരയുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
പക്ഷേ കട്ടില്‍ ഒന്നും കണ്ടെത്തുന്നില്ല. രാത്രികളില്‍ രോഗികള്‍ പലപ്പോഴും പൂന്തോട്ടങ്ങളിലും ഇടനാഴികളിലും ചെലവഴിക്കുകയാണ്. കാരണം എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ മതിയായ സ്ഥലമില്ല.
എല്ലാ ദിവസവും ഞങ്ങള്‍ 700 രോഗികളെ ചികിത്സിക്കുന്നു, അവരില്‍ അനേകര്‍ പരിക്കേറ്റവരാണ്. ഒരേ സമയം ശസ്ത്രക്രിയ ആവശ്യമുള്ള രണ്ട് പരിക്കേറ്റ ആളുകളുണ്ടെങ്കില്‍, അവരില്‍ ആര്‍ക്ക് അതിജീവിക്കാന്‍ ഈ അവസരം നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിക്കണം. മറ്റേയാളെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ഡോ. മഹര്‍ പറയുന്നു.
കൂട്ടക്കൊല തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. പാലസ്തീനികളുടെ മാത്രമല്ല, ഇസ്രായേല്യരുടെയും ക്ഷേമമാണ് അപകടത്തിലായിരിക്കുന്നത്.
ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ജീവന്‍ നഷ്ടപ്പെട്ട രോഗികളുടെ എണ്ണം എണ്ണമറ്റതാണ്.
ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകള്‍, ആസ്പിരിന്‍ എന്നിവ പോലുമില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഓശാന ഞായറാഴ്ച ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധനാണ് ഡോ. മഹര്‍.