പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഗാസയിലെ ഏക കത്തോലിക്ക സ്‌കൂള്‍ 3 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു
ഗാസ സിറ്റി: യുദ്ധം തകര്‍ത്ത ഗാസ മുനമ്പിലെ ഏക കത്തോലിക്ക സ്‌കൂളായ ഹോളി ഫാമിലി സ്‌കൂള്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേല്‍ ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാലയമാണ് നീണ്ട നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും വാതിലുകള്‍ തുറന്നത്. ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഇവിടെ പ്രവേശനം നേടിയത്. യുദ്ധത്തില്‍ തകര്‍ന്ന ക്ലാസ് മുറികളും പരിസരവും ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് പഠന യോഗ്യമാക്കിയത്.
കടുത്ത മാനസിക സമ്മര്‍ദ്ധവും അനിശ്ചിതത്വവും നേരിട്ട കുട്ടികള്‍ക്ക് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള സുരക്ഷിത താവളമായി വിദ്യാലയം മാറിയിരിക്കുകയാണ്. ഹോളി ഫാമിലി സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. യുദ്ധത്തിന് മുന്‍പ് ഗാസയില്‍ അഞ്ചോളം ക്രിസ്ത്യന്‍ സ്‌കൂളുകള്‍ സജീവമായിരുന്നെങ്കിലും നിലവില്‍ ഈ സ്ഥാപനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തീവ്രമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഈ സ്‌കൂള്‍ ഇരുട്ടിലെ ഒരു വെളിച്ചം പോലെയാണെന്ന് ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വ്യക്തമാക്കി. യൂണിഫോം ധരിച്ച് കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക് വരുന്നത് കാണുമ്പോള്‍ ഈ മണ്ണില്‍ ഇനിയുമൊരു ഭാവിയുണ്ടെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ കഴിഞ്ഞിരിന്ന ജനങ്ങള്‍ ഘട്ടം ഘട്ടമായി സുരക്ഷിത ഇടങ്ങളിലേക്കും വീടുകളിലേക്കും മടങ്ങിയതോടെയാണ് കെട്ടിടം വീണ്ടും ക്ലാസുകള്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളോളം ബോംബാക്രമണങ്ങള്‍ക്കും മരണഭയത്തിനും സാക്ഷ്യം വഹിച്ച കുട്ടികളെയും അധ്യാപകരെയും പിന്തുണയ്ക്കാന്‍ സ്‌കൂളില്‍ പ്രത്യേക മാനസികാരോഗ്യ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയ സിലബസിനപ്പുറം മാനസികാഘാതം അതിജീവിക്കാനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമുള്ള സായാഹ്ന വിനോദങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പുതിയ പഠന സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.