കൊടുങ്കാറ്റ് ഭീഷണിയിൽ ഗാസ; ലക്ഷക്കണക്കിന് മനുഷ്യർ അപകടത്തിൽ

 
storm

യുദ്ധത്തിൽ തകർന്ന ഗാസയിൽ ഭീഷണിയായി കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും. പലസ്തീനിലുടനീളം ശക്തമായ കാറ്റും വെള്ളപ്പൊക്കവും ആലിപ്പഴം വീഴ്ചയും ഉണ്ടാകുമെന്നാണ് പലസ്തീൻ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബൈറൺ കൊടുങ്കാറ്റാണ് ​ഗാസയിൽ ഉൾപ്പടെ ഭീഷണി ഉയർത്തുന്നത്.

ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയകേന്ദ്രങ്ങൾ മിക്കതും ദുർബലമാണ്. കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ അപകടത്തിലാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി റോഡുകൾ താറുമാറായി. ടെന്റ്, ഷെൽട്ടർ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാണെന്നും അവയിൽ ചിലത് പൂർണ്ണമായും മുങ്ങിയതായും ഗാസ സിറ്റി മേയർ പറയുന്നു.

നിലവിൽ കൊടുങ്കാറ്റ് ഭീഷണി നിലനിൽക്കുന്ന ഗാസയിൽ ജീവിത സാഹചര്യങ്ങൾ വളരെ മോശമായി തുടരുകയാണ്. കൊടുങ്കാറ്റിനെ പ്രതിരോധിക്കാൻ ​ഗാസയിൽ നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല. വെള്ളപ്പൊക്കമുണ്ടായാൽ, ശേഷിക്കുന്ന ചുരുക്കം ചില ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് സംഘങ്ങൾക്കും മറ്റ് അടിയന്തര പ്രതികരണ സംഘങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല.

ഇസ്രയേൽ ഭീഷണിയെ തുടർന്ന് ഗാസയിലേക്ക് മാനുഷിക സഹായങ്ങളും അടിയന്തര ഉപകരണങ്ങളും എത്തിക്കുന്നതിൽ പരിമിതി നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും ശുദ്ധജലവും ലഭ്യമല്ലാത്തതിനു പുറമേ, ഇസ്രായേൽ നശിപ്പിച്ച അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ പോലും പലസ്തീൻ ജനതയക്ക് ലഭിക്കുന്നില്ല.

ഒക്ടോബറിൽ വെടിനിർത്തൽ കാരാർ അം​ഗീകരിച്ചിട്ടും ഗാസയിൽ ആവർത്തിച്ച് ബോംബാക്രമണം നടത്തുകയാണ് ഇസ്രായേൽ സൈന്യം. വെടിനിർത്തലിന് ശേഷവും ഗാസയുടെ പകുതിയിലധികവും ഇസ്രായേൽ നിയന്ത്രണത്തിലാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇന്നലെ രാത്രി വൈകിയും ഇന്ന് രാവിലെയും ഇസ്രായേൽ സൈനികർ നടത്തിയ റെയ്ഡുകളിൽ 100ൽ അധികം പലസ്തീനികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കുറഞ്ഞത് 70,366 പലസ്തീനികളാണ് ഇതുവരെയായി കൊല്ലപ്പെട്ടത്. 171,064 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web