ഗാസ ഒരു ദുരന്തമാണ്; വിശുദ്ധ നാടിനെ ഒറ്റപ്പെടുത്തരുത്': പുരസ്‌ക്കാരം സ്വീകരിക്കുന്നതിനിടെ ജെറുസലേം പാത്രിയാര്‍ക്കീസ്
റോം: ഇറ്റാലിയന്‍ ജിയോപൊളിറ്റിക്കല്‍ മാസികയായ ലൈംസിന്റെ സംഭാഷണത്തിനും സമാധാനത്തിനുമുള്ള പുരസ്‌ക്കാരം സ്വീകരിക്കുന്നതിനിടെ വിശുദ്ധ നാടിന്റെ ദയനീയ അവസ്ഥ വിവരിച്ച് ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. വിശുദ്ധ നാട്ടിലെ നഗരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെടുകയും നിരപ്പാക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യമാണുള്ളതെന്നും താല്‍ക്കാലികമായി ഉണ്ടാക്കിയ വഴികളിലൂടെ, കൂടാരങ്ങള്‍ക്കും മലിനജലക്കെട്ടുകള്‍ക്കും ഇടയിലൂടെയുള്ള അടുത്തിടെ താന്‍ നടത്തിയ യാത്ര തന്നെ ഏറ്റവും അധികം അസ്വസ്ഥനാക്കിയെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നടന്ന ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.
പുരസ്‌ക്കാര സ്വീകരണത്തിന് പിന്നാലെ ലൈംസ് ചീഫ് എഡിറ്റര്‍ ലൂസിയോ കാരാസിയോളോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജൂണ്‍ 22-23 തീയതികളില്‍, ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ??തിയോഫിലോസ് മൂന്നാമനോടൊപ്പം ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, ഗാസ മുനമ്പില്‍ സന്ദര്‍ശനം നടത്തിയിരിന്നു. താന്‍ അവിടെ കണ്ട കാഴ്ചകള്‍ പരിപാടിയ്ക്കിടെ ജെറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കീസ് വിവരിച്ചു. സകലതും തരിപ്പണമായ പ്രദേശത്ത് ഇപ്പോള്‍ ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന് എലികളാണെന്നും അവ കുട്ടികളെ ഉള്‍പ്പെടെയുള്ള കടിക്കുകയാണെന്നും ഗാസ ഒരു ദുരന്തമായി മാറിയ സാഹചര്യമാണുള്ളതെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ വെളിപ്പെടുത്തി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സ്ഥിതിഗതികളില്‍ യാതൊരു പുരോഗതിയും കാണുന്നില്ല. ഭക്ഷണസാധനങ്ങള്‍ ചിലത് എത്തിക്കാന്‍ കഴിയുന്നുണ്ടെങ്കിലും, മറ്റെല്ലാത്തിനും വിലക്കുണ്ട്. സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനാവശ്യമായ മിക്കവാറും എല്ലാ വസ്തുക്കളുടെയും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇവിടെനിന്നും അവിടെനിന്നും ലഭിക്കുന്ന സാധനങ്ങള്‍ പുനരുപയോഗിച്ചുകൊണ്ട് പിടിച്ചുനില്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറയുന്നു. കുട്ടികളും അമ്മമാരും അനുഭവിക്കുന്ന മാനസികാഘാതം കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ജീവനക്കാരെ അത്യാവശ്യമാണെന്നു ആരോഗ്യപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ ജനങ്ങളെ സഭാനേതൃത്വം പരമാവധി ചേര്‍ത്തുപിടിക്കുന്നുണ്ട്.