ഗാസാ ഒരു അവശിഷ്ടകൂമ്പാരമായി മാറിയിരിക്കുന്നു: അന്താരാഷ്ട്ര നിയമം പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ
വത്തിക്കാന്‍സിറ്റി: ഗാസാ മുനമ്പിലെ മാനവികസ്ഥിതി തീര്‍ത്തും മോശമാണെന്നും, പ്രദേശത്ത് അന്താരാഷ്ട്രനിയമം പുനഃസ്ഥാപിക്കണമെന്നും, മധ്യപൂര്‍വ്വദേശങ്ങളിലെ പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏജന്‍സി കമ്മീഷണര്‍ ഫിലിപ്പ് ലാത്സറീനി .
ലിയോ പതിനാലാമന്‍ പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാലസ്തീന്‍ പ്രദേശത്തെ ഗുരുതരമായ മാനവികപ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഗാസാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെടലും ആക്രമണങ്ങളും നേരിടുന്ന പാലസ്തീന്‍ ജനതയ്ക്ക് സഭ നല്‍കിവരുന്ന പിന്തുണ കമ്മീഷണര്‍ ലാത്സറീനി പ്രത്യേകം അനുസ്മരിച്ചു.
അന്താരാഷ്ട്രസമൂഹം പുറം തിരിഞ്ഞ അവസ്ഥയിലായിരുന്ന പാലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യാശയുടെയും സന്ദേശമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസാ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരികയാണെന്ന് താന്‍ പരിശുദ്ധ പിതാവിനെ അറിയിച്ചതായി ലാത്സറീനി പറഞ്ഞു.
പ്രദേശത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ പ്രശ്നപരിഹാരത്തിന്റെ സാദ്ധ്യതകള്‍ ഒന്നും കാണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ഐക്യരാഷ്ട്രസഭാ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത അനുസ്മരിച്ച കമ്മീഷണര്‍ പാലസ്തീനിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താതെ മറ്റൊരു പരിഹാരം ഉണ്ടാകുക എളുപ്പമല്ലെന്നും വിശദീകരിച്ചു.
ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹ്രസ്വകാലത്തേക് മാത്രമായി പദ്ധതിയിട്ട് ആരംഭിച്ച ഈ ഏജന്‍സി ഇന്നും നിലനില്‍ക്കുന്നത് ഏജന്‍സിയുടെ പരാജയമല്ല രാഷ്ട്രീയ ഇശ്ചയുടെ കുറവാണ് കാണിക്കുന്നതെന്ന് ലാത്സറീനി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രസമൂഹം ഇനിയും പാലസ്തീന്‍കരുടെ പ്രശ്‌നങ്ങള്‍ക്കോ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിനോ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു രാജ്യം അതിലെ ജനങ്ങള്‍ക്ക് ചെയ്യുന്ന, വിദ്യാഭ്യാസ, പ്രാഥമികാരോഗ്യസംരക്ഷണ സേവനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളുമായി ഒരു മാനവ വികസന സംഘടനയായാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു.
പ്രദേശത്ത് വെടിനിറുത്തല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അക്രമങ്ങള്‍ അനുദിനം തുടരുകയാണെന്ന് ലാത്സറീനി അപലപിച്ചു. പ്രദേശത്തെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരേണ്ടതിന്റെയും, സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടക്കേണ്ടതിന്റെയും ആവശ്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ജനുവരി 12 തിങ്കളാഴ്ച രാവിലെയായിരുന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ ലാത്സറീനിക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചത്.