തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം; രൂക്ഷഗന്ധത്തെ തുടർന്ന് രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

 
medical college

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം.

രൂക്ഷ ഗന്ധവും പുകയും ഉയർന്നതോടെ അസ്വസ്ഥത തോന്നിയ രോഗികളെ അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനത്തിന്‍റെ ഭാഗമായി സജ്ജീകരിച്ച യെല്ലോ സോണിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

രൂക്ഷമായ ഗന്ധം വമിച്ചതോടെ മൂക്കും തൊണ്ടയും എരിയുന്ന തരത്തിലുള്ള അനുഭവമായിരുന്നുവെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.

 ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഭയന്ന് കൂട്ടത്തോടെ പുറത്തേക്കോടി. ഇതോടെ രോഗികളെ പുറത്തേക്കിറക്കാൻ കൂട്ടിരിപ്പുകാർ ബഹളമുണ്ടാക്കി. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഋഷികേശൻ നായർ അടക്കമുള്ളവർ എത്തി രോഗികളെ തൊട്ടടുത്തുള്ള ഗ്രീൻ സോണിലേക്ക് മാറ്റി.

 

പരിശോധന നടത്തിയെങ്കിലും പ്രശ്നം കണ്ടെത്താനായില്ല. രൂക്ഷഗന്ധം മാറിയതോടെ ബയോ മെഡിക്കല്‍, ഓക്‌സിജന്‍ പ്ലാന്റ്, പി.ഡബ്ല്യൂ.ഡി (ഇലക്ട്രിക്കല്‍ , സിവില്‍), ബില്‍ഡിങ് മോനിറ്ററിങ് ആന്‍ഡ് സെന്‍ട്രല്‍ വർക്ക് ഷോപ്പ് വിഭാഗം അധികൃതര്‍ പരിശോധിച്ചെങ്കിലും യഥാർഥ പ്രശ്നം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.

യെല്ലോ സോണിലെ ഗന്ധം മാറിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ മുഴുവന്‍ രോഗികളെയും തിരികെ പ്രവേശിപ്പിച്ചു.

ഓക്സിജൻ അല്ലാതെ മറ്റു വാതകങ്ങളൊന്നും അത്യാഹിത വിഭാഗത്തിൽ സാധാരണ ഉണ്ടാകാറില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഗന്ധം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടുപിടിക്കാതെ വീണ്ടും പ്രവേശിപ്പിച്ചതിൽ രോഗികളും കൂട്ടിരിപ്പുകാരും ഭയപ്പാടിലാണ്.

Tags

Share this story

From Around the Web