ഗന്ധര്‍വ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയാറാം പിറന്നാള്‍

 
K J YEUSDAS


ഗന്ധര്‍വ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയാറാം പിറന്നാള്‍.കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേര്‍ന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം.

1961ല്‍ 'കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.

മലയാളികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള സംഗീതാസ്വാദകര്‍ക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമാണ് ആ ശബ്ദ സാന്നിധ്യം. സൗമ്യ കാമുക ശബ്ദത്തില്‍ ഓരോ തവണയും യേശുദാസ് പാടുമ്പോള്‍, അതിരില്ലാത്ത പ്രണയം ഗാനങ്ങളില്‍ നിറയുന്നു. തലമുറകളുടെ പ്രേമ വിരഹ ഗായകനായി യേശുദാസ് മാറി. പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന ശബ്ദസ്വാധീനം കൊണ്ട് ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു.

ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ങ ട ബാബുരാജ്, എം കെ അര്‍ജുനന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ ഒരുക്കിയ ഈണങ്ങള്‍ യേശുദാസിന്റെ സ്വരവുമായി ഇഴ ചേര്‍ന്നു.സംഗീതമുള്ളിടത്തോളം കാലം ആ ഗന്ധര്‍വനാദം നമ്മുടെ കാതുകളില്‍ തേന്മഴയായി പെയ്തുകൊണ്ടേയിരിക്കും.

Tags

Share this story

From Around the Web