ഫുള്‍ട്ടന്‍ ജെ ഷീന്‍ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടും: മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിന് മാതൃകയെന്ന് ലെയോ പാപ്പ

 
fulton sheen

വത്തിക്കാന്‍സിറ്റി: അമേരിക്കന്‍ ആര്‍ച്ച്ബിഷപ്പായിരുന്ന ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടും. മിസോറിയിലെ സെന്റ് ലൂയിസില്‍ വച്ചാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. വാഴ്ത്തപ്പെട്ട പദവി ചടങ്ങിനു മുന്നോടിയായി, മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ സുവിശേഷപ്രവര്‍ത്തനങ്ങളെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സെപ്റ്റംബര്‍ 23 ന് നടന്ന പൊതു കൂടിക്കാഴ്ച വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

സുവിശേഷ പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആര്‍ച്ച്ബിഷപ്പ് ഷീന്‍ മാതൃകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ''മിസോറിയിലെ സെന്റ് ലൂയിസില്‍ വച്ച് ദൈവദാസന്‍ ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും. മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രവര്‍ത്തനത്തിന് പേരുകേട്ട പരിശുദ്ധനായ ഈ ബിഷപ്പിന്റെ മാതൃകയും മധ്യസ്ഥതയും സന്തോഷകരമായ ആവേശത്തോടെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ,'' ലെയോ മാര്‍പാപ്പ ആശംസിച്ചു.


2026 സെപ്റ്റംബര്‍ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് ലൂയിസിലെ 'ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍' വച്ചാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍ നടക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ വാഴ്ത്തപ്പെടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

നോര്‍വിച്ച് രൂപതയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ 48 സംസ്ഥാനങ്ങളില്‍ നിന്നും 12 രാജ്യങ്ങളില്‍ നിന്നുമായി നാല്‍പത്തി അയ്യായിരത്തോളം തീര്‍ഥാടകരും എണ്‍പതിലധികം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 1895 ല്‍ ജനിക്കുകയും 'അങ്കിള്‍ ഫുള്‍ട്ടി' എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുകയും ചെയ്ത ആര്‍ച്ച്ബിഷപ്പ് ഷീന്‍, 'ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അമേരിക്കന്‍ വീടുകളില്‍ സുപരിചിതനായത്. 1952 മുതല്‍ 1957 വരെ സംപ്രേക്ഷണം ചെയ്ത ഈ പരിപാടി ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകൃഷ്ടരാക്കി.

വാഷിംഗ്ടണിലും ബെല്‍ജിയത്തിലെ ലൂവെയ്ന്‍ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ ആര്‍ച്ച്ബിഷപ്പ് ഷീന്‍, 1953 ല്‍ ഏറ്റവും മികച്ച വ്യക്തിത്വത്തിനുള്ള എമ്മി അവാര്‍ഡ് കരസ്ഥമാക്കി. 1966 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ ബിഷപ്പായി നിയമിച്ചു. മൂന്ന് വര്‍ഷത്തിനു ശേഷം രൂപതാ ഭരണത്തില്‍ നിന്ന് വിരമിച്ചെങ്കിലും, 1979 ഡിസംബറിലെ മരണം വരെ അദ്ദേഹം തന്റെ പൊതു സുവിശേഷസേവനം തുടര്‍ന്നു.

Tags

Share this story

From Around the Web