നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ എട്ട് ക്രൈസ്തവരെ കൊലപ്പെടുത്തി; 15 പേർക്ക് പരിക്ക്
നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുണ്ടായ സായുധ ആക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ഭരണകൂടവും ഗ്രാമവാസികളും സ്ഥിരീകരിച്ചു. ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മെയ് 31 ഞായറാഴ്ച വൈകുന്നേരത്തോടെ മിഡിൽ ബെൽറ്റ് മേഖലയിലെ മാംഗു (Mangu) ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള ഗ്വോംജാങ് (Gwomjang) എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ കാർഷിക ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഭൂമി തർക്കങ്ങളെയും വർധിച്ചുവരുന്ന സുരക്ഷാ വീഴ്ചകളെയും തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് സമാനമായ സായുധ ആക്രമണങ്ങൾ പതിവാണ്.
മെയ് 31 ഞായറാഴ്ച രാത്രി 7.30 ഓടെയാണ് തോക്കുകളേന്തിയ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയത്. പള്ളിയിലെ സായാഹ്ന പ്രാർഥനയും സ്ത്രീകളുടെ പ്രത്യേക പ്രാർഥനാ യോഗവും കഴിഞ്ഞ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുന്ന സമയത്താണ് പെട്ടെന്ന് വെടിവയ്പുണ്ടായത്.
നിരായുധരായ ഗ്രാമവാസികൾക്ക് നേരെ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിയേറ്റും മറ്റ് പരിക്കുകളോടെയും അവശരായ 15 പേരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സമീപത്തെ ഒരു താവളത്തിൽ നിന്നെത്തിയ അക്രമികൾ, കൃത്യം നിർവഹിച്ച ശേഷം അതേ വഴിയിലൂടെത്തന്നെ രക്ഷപ്പെടുകയായിരുന്നു. ആക്രമണം തുടങ്ങിയ ഉടൻതന്നെ ഗ്രാമവാസികൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന സൈന്യത്തെ വിവരമറിയിച്ചെങ്കിലും, സൈനികർ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. രാത്രി 10 മണിയോടെയാണ് സൈന്യം സംഭവസ്ഥലത്ത് എത്തിയതെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തി.
കത്തോലിക്കാ-ക്രിസ്ത്യൻ ഭൂരിപക്ഷ കാർഷിക ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പ്ലേറ്റോ സംസ്ഥാനത്ത് സായുധ ഗ്രൂപ്പുകൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളും ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.