നൈജീരിയയില്‍ ഫുലാനി തീവ്രവാദികളുടെ ആക്രമണം: 31 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
നൈജീരിയ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ട് മുതല്‍ ഫുലാനി തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 16 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ 31 ഓളം ക്രൈസ്തവരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജോസിന് തെക്കുപടിഞ്ഞാറുള്ള റിയോം പ്രദേശത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അഞ്ച് ഗ്രാമങ്ങളാണ് ആയുധധാരികളായ സംഘം ആക്രമിച്ചത്.
ഓഗസ്റ്റ് 12 ചൊവ്വാഴ്ച രാത്രി ക്യങ് , ഗ്വാ-വെറെങ് റിം എന്നീ ഗ്രാമങ്ങളില്‍ സംഘം നടത്തിയ ആക്രമണത്തില്‍ ബുലൂസ് മ്വാഗ്വോങ്, സ്റ്റീഫന്‍ ദാചോല്ലോം കാസെ എന്നീ രണ്ട് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
കൂടാതെ അക്രമിസംഘം, ഡൊറോങ്, ജോള്‍ എന്നീ ഗ്രാമങ്ങളിലെ വീടുകള്‍ക്ക് തീയിടുകയും ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
ഗ്രാമപ്രദേശങ്ങളിലെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്ന് അഭിഭാഷകനായ ദാലിയോപ് സോളമന്‍ മ്വാന്തിരി പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോറോക് ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ റിം വാര്‍ഡിലെ മുന്‍ ലോക്കല്‍ കൗണ്‍സില്‍ ജനപ്രതിനിധിയായ ഡേവിഡ് ദാചോല്ലോം ദാന്‍ജുമ കൊല്ലപ്പെട്ടു.
ഈ സംഭവത്തെ നൈജീരിയന്‍ നാഷണല്‍ അസംബ്ലി അംഗമായ ഫോം ദാലിയോപ് ചോല്ലോം ശക്തമായി അപലപിച്ചു.
ജനങ്ങളുടെ സമാധാനത്തിനും ജനാധിപത്യത്തിനും മേലുള്ള ക്രൂരമായ ഭീകരാക്രമണമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ ഉടനടി പിടികൂടി നീതി ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെടുകയും ജനങ്ങളോട് സമാധാനവും ജാഗ്രതയും പാലിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.