ഫുലാനി തീവ്രവാദികളുടെ ആക്രമണം: കൃഷിയിടങ്ങളിലേക്ക് മടങ്ങാന്‍ ഭയന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ കര്‍ഷകര്‍

 
FULANI



നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് കത്തോലിക്കാ-ക്രൈസ്തവ കര്‍ഷകര്‍ക്ക് നേരെ ഫുലാനി വിഭാഗത്തില്‍പ്പെട്ട സായുധ ഭീകരര്‍ നടത്തുന്ന അക്രമങ്ങള്‍ ശക്തമാകുന്നു. അക്രമങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കൃഷിയിടങ്ങളിലേക്ക് മടങ്ങാന്‍ പോലും ഭയക്കുകയാണ് മേഖലയിലെ കര്‍ഷകര്‍. 

ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പ്ലാറ്റോ സംസ്ഥാനത്തെ ബാസ്സ, ഇറിഗ്വെ മേഖലകളില്‍ കര്‍ഷകരെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടക്കുകയാണ്.

കൃഷിയിടങ്ങളിലേക്ക് പോകുകയോ മടങ്ങുകയോ ചെയ്യുന്ന കര്‍ഷകരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിക്കുകയാണ് തീവ്രവാദികളുടെ പതിവ്. ഇത്തരത്തില്‍ ഈ വര്‍ഷം മാത്രം 27-ലധികം പേരാണ് മിയാംഗോ (ങശമിഴീ) പ്രദേശങ്ങളില്‍ കൊല്ലപ്പെട്ടത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ ഭയം മൂലം കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ മടിക്കുന്നത് കടുത്ത പട്ടിണിക്കാണ് വഴിതുറക്കുന്നത്. പ്രായമായ പുരുഷന്മാരും സ്ത്രീകളുമാണ് അക്രമികളുടെ പ്രധാന ഇരകള്‍.


ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടും നൈജീരിയന്‍ സൈന്യവും പൊലീസും കൃത്യമായ സംരക്ഷണം നല്‍കുന്നില്ലെന്ന് പ്രാദേശിക ജനപ്രതിനിധികളും യൂത്ത് മൂവ്മെന്റ് നേതാക്കളും ആരോപിക്കുന്നു. 

കര്‍ഷകരെ അവരുടെ പാരമ്പര്യ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാനും ഭീതി പടര്‍ത്താനുമാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് പ്രാദേശിക സഭാ നേതാക്കളും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. 

സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താനും നിരപരാധികളായ ക്രൈസ്തവ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹത്തിന്റെയും നൈജീരിയന്‍ സര്‍ക്കാരിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സഭ.
 

Tags

Share this story

From Around the Web