ഇന്ധനസ്വിച്ചുകളിൽ തകരാറില്ല, ബോയിങ് വിമാനങ്ങൾ സുരക്ഷിതം; എയർഇന്ത്യ പരിശോധന റിപ്പോർട്ട്.
ഡിജിസിഎ നിർദേശത്തിന് പിന്നാലെയാണ് എയർഇന്ത്യ മുൻകരുതൽ പരിശോധനകൾ നടത്തിയത്

 
AIR INDIA

അഹമ്മദാബാദ് വിമാനദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിൽ നടത്തിയ പരിശോധനയിൽ തകരാർ കണ്ടെത്തിയില്ലെന്ന് എയർ ഇന്ത്യ റിപ്പോർട്ട്. ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൻ്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് എയർ ഇന്ത്യയുടെ പ്രസ്താവന. ഇന്ധനസ്വിച്ചുകൾക്ക് തകരാറില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ  നിർദേശത്തിന് പിന്നാലെയാണ് എയർഇന്ത്യ മുൻകരുതൽ പരിശോധനകൾ നടത്തിയത്.

എയർ ഇന്ത്യയും എയർലൈനിന്റെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസും ഡിജിസിഎ നിർദേശം പാലിച്ചതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

"കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനിയിൽ ലോക്കിങ് സംവിധാനത്തിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിക്കുകയും ഡിജിസിഎ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കുകയും ചെയ്തു.

ഇക്കാര്യം റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്," പ്രസ്താവനയിൽ പറയുന്നു. അതേസമയം വിമാനാപകടത്തില്‍ നിര്‍ണായക സൂചനകള്‍ തിരയുകയാണ് അന്വേഷണ സംഘം.

വിമാനം പറന്നുയര്‍ന്ന് 26 സെക്കന്റിനുള്ളില്‍ ദുരന്തത്തിന് കാരണമായ എന്ത് പിഴവായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നാണ് പരിശോധന നടത്തുന്നത്.

ഇതിനായി വിമാനത്തിന്റെ അവിശഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

വിമാനത്തിന്റെ പിന്‍ഭാഗത്തെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചില യന്ത്രഭാഗങ്ങള്‍ കത്തിയിരുന്നതായി കണ്ടെത്തി. ഇത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നാണ് സംശയിക്കുന്നത്.

എന്നാല്‍, തീപിടിച്ചത് പിന്‍ഭാഗത്തെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുണ്ടായ തീപിടുത്തമാണോ എന്നാണ് പരിശോധിക്കുന്നത്.

പറന്നുയരുന്ന സമയത്ത് വൈദ്യുത വിതരണത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags

Share this story

From Around the Web