'എഫ് ട്യൂണ്‍' മുങ്ങി; വെബ്‌സൈറ്റുകള്‍ പൂട്ടി, ഫോണ്‍ നമ്പറുകള്‍ ഓഫ്; വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലാക്കിയ ക്രീം തട്ടിപ്പില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്

 
ftune

മലപ്പുറത്ത് ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍, 'എഫ് ട്യൂണ്‍' ഫെയ്‌സ് ക്രീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പൂട്ടി. 

പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ഈ നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സൈബര്‍ സെല്ലിന് കത്ത് നല്‍കി. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വകുപ്പ് വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വ്യാജ ഫെയര്‍നസ് ക്രീമുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ പൊലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്.

എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ നാല് ഫോണ്‍ നമ്പറുകളാണ് നല്‍കിയിരുന്നത്. ഇതില്‍ പ്രധാനിയെന്ന് കരുതുന്ന കാസര്‍കോട് സ്വദേശിയായ സ്ത്രീയുടെ നമ്പറും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സൈറ്റുകള്‍ അടച്ചുപൂട്ടിയതെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം മലപ്പുറത്തെ വിവിധ ഇടങ്ങളിലും കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ ജില്ലകളിലാണ് ഇത്തരം ക്രീമുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. 

വിപണിയിലേക്കുള്ള വിതരണ ശൃംഖല തകര്‍ത്ത് വില്‍പ്പന പൂര്‍ണ്ണമായും തടയുകയാണ് ലക്ഷ്യം. എന്നാല്‍, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എഫ് ട്യൂണ്‍ ക്രീം ഇപ്പോഴും ലഭ്യമാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.


നേരത്തെ ഇത്തരം ക്രീമുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍, വിദേശത്ത് നിന്ന് എത്തിക്കുന്ന ക്രീമുകള്‍ ഇന്ത്യയില്‍ റീപാക്ക് ചെയ്ത് വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. 

എന്നാല്‍ ഇവ റീപാക്ക് ചെയ്യുന്നത് ആരാണെന്നോ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നോ അന്ന് കണ്ടെത്താനായില്ല. നേരത്തെ വിറ്റഴിച്ച അതേ ക്രീമുകള്‍ തന്നെ ഇപ്പോള്‍ മറ്റു പേരുകളില്‍ വിപണിയിലെത്തുന്നുണ്ടെന്നാണ് വിവരം.

നിലവിലെ സംഭവത്തിലും ക്രീമുകളുടെ പാക്കിംഗ് കേന്ദ്രങ്ങള്‍ കാസര്‍കോടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബായ്, പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് ബള്‍ക്കായി എത്തിക്കുന്ന ക്രീമുകള്‍ കാസര്‍കോട് വെച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ നീക്കം.

Tags

Share this story

From Around the Web