എഫ് ട്യൂണ്‍ ക്രീം കുറിച്ചു നല്‍കിയ സംഭവം: ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം
മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മെര്‍ക്കുറി അടങ്ങിയ വിവാദ എഫ് ട്യൂണ്‍ ക്രീം ഡോക്ടര്‍ എസ്. ആര്‍ ബാലകൃഷ്ണന്‍ നായര്‍ കുറിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം. ഡോക്ടര്‍ പരിശോധന നടത്തിയ ക്ലിനിക്കുകളിലും, ക്രീം വില്‍പ്പന നടത്തിയ മെഡിക്കല്‍ ഷോപ്പുകളിലും വിശദമായ അന്വേഷണം നടത്തും.
ഡോക്ടര്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പത്ത് വര്‍ഷമായി ക്രീം കുറിച്ചു നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടെന്ന വാര്‍ത്ത വന്നതിന് ശേഷമാണ് ക്രീമിനെ ന്യായീകരിച്ച് ഡോക്ടര്‍ സംസാരിച്ചത്. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളില്‍ നിന്ന് നൂറുകണക്കിന് രോഗികള്‍ക്കാണ് ഡോക്ടര്‍, ക്രീം കുറിച്ച് നല്‍കിയത്.
2016ല്‍ സമാനമായ മറ്റൊരു ക്രീം കുറിച്ച് നല്‍കിയതായി മലപ്പുറം വളാഞ്ചേരി സ്വദേശി മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. ഭാര്യക്ക് വേണ്ടി ഫൈസ എന്ന ക്രീമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. പ്രശ്‌നങ്ങള്‍ കണ്ടതിന് പിന്നാലെ മറ്റൊരു ഡോക്ടറേ സമീപിച്ചപ്പോള്‍ ഈ ക്രീം ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞതായും യുവാവ് പറയുന്നു.
ഇതിനിടെ പ്രശ്‌നങ്ങള്‍ പറഞ്ഞവരുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ പണം നല്‍കുന്നുമുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ടെസ്റ്റ് ചെയ്‌തോളൂ എന്ന് പറഞ്ഞാണ് പണം കൊടുത്തത്. അതേസമയം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സമീപത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ഈ ക്രീം എത്തിച്ചിരുന്നതെന്നും, ഇതിന് കൃത്യമായ ബില്ലുകളോ ലൈസന്‍സോ സംബന്ധിച്ച വ്യക്തതയോ ഇല്ലാതെ മാറ്റി വെച്ചാണ് നല്‍കിയിരുന്നതെന്നും ആരോപണമുണ്ട്.
വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ ആശങ്ക പങ്കുവെച്ചപ്പോള്‍, ക്രീം കൊണ്ട് പ്രശ്‌നങ്ങളില്ലെന്നും അതൊക്കെ താനേ മാറിക്കൊള്ളുമെന്നും ഡോക്ടര്‍ നിസ്സാരമായി മറുപടി നല്‍കിയതായും പറയുന്നു.
മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ കടുത്ത ആരോഗ്യ മുന്നറിയിപ്പും നിയമനടപടികളും നേരിടുന്ന ഫെയര്‍നെസ്/ബ്യൂട്ടി ക്രീമാണ് എഫ് ട്യൂണ്‍ ക്രീം. ഇത് ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവത്തെത്തുടര്‍ന്നാണ് പൊലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും അന്വേഷണം ശക്തമാക്കിയത്.