26-ന് പാപ്പ വൈദിക പട്ടം നല്‍കുന്നവരില്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘വികൃതി പയ്യന്‍’ മുതല്‍ മാനസാന്തരപ്പെട്ട മദ്യത്തൊഴിലാളി വരെ
വത്തിക്കാന്‍ സിറ്റി: കുട്ടിക്കാലത്ത് വികൃതി കാട്ടിയതിന് പള്ളിയില്‍ നിന്ന് വൈദികന്‍ പുറത്താക്കിയ ബാലന്‍ ലിയോ 14-ാമന്‍ പാപ്പയുടെ കൈവയ്പ്പുശുശ്രൂഷ വഴി വൈദികനായി അഭിഷിക്തനാകും. ‘നല്ല ഇടയന്റെ ഞായറാഴ്ച’ യായ ഏപ്രില്‍ 26-നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ശുശ്രൂഷയില്‍ ലിയോ 14-ാമന്‍ പാപ്പയുടെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ അന്നത്തെ ‘വികൃതി’ ബാലനായ ഡീക്കന്‍ ക്രിസ്റ്റ്യന്‍ സ്ഗ്വാസിനോ വൈദികനായി അഭിഷിക്തനാകുന്നത്.
സ്ഗ്വാസിനോയെ കൂടാതെ പ്രശസ്തനായ ഒരു പിയാനിസ്റ്റ്, മാനസാന്തരപ്പെട്ട മദ്യത്തൊഴിലാളി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള മറ്റ് ഏഴ് പേര്‍ കൂടെ റോം രൂപതയ്ക്ക് വേണ്ടി ലിയോ പാപ്പയില്‍ നിന്ന് അന്നേദിനം വൈദികപട്ടം സ്വീകരിക്കും. ദൈവത്തിന്റ വിളി ഏത് മേഖലയിലുള്ളവരെയും ഏത് ദേശത്തുള്ളവരെയും ഏത് സമയവും തേടിയെത്താം എന്നതിന്റെ സാക്ഷ്യപത്രം കൂടെയാവുകയാണ് പാപ്പയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുവാന്‍ തയാറെടുക്കുന്ന ഇവരുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങള്‍.
സാന്‍ ജിയോവാനി ഡെല്ല ക്രോസ് ഇടവകയിലായിരുന്നു ക്രിസ്റ്റ്യന്‍ സ്ഗ്വാസിനോയുടെ കുട്ടിക്കാലം. അന്ന് സ്ഥിരമായ കെട്ടിടമില്ലാത്തതിനാല്‍ ടെന്റുകളിലായിരുന്നു കുര്‍ബാന നടന്നിരുന്നത്. ‘ഞാനും കൂട്ടുകാരും അവിടെ വലിയ ബഹളമായിരുന്നു. ഒരു ദിവസം സഹവികാരി ഞങ്ങളെ പള്ളിയില്‍ നിന്ന് പുറത്താക്കി, ഞങ്ങളെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന് തമാശയായി പറയുകയും ചെയ്തു,’ ക്രിസ്റ്റ്യന്‍ പുഞ്ചിരിയോടെ ഓര്‍ക്കുന്നു. എന്നാല്‍ ആ ബഹളങ്ങള്‍ക്കിടയിലും അള്‍ത്താരയെയും സക്രാരിയെയും നോക്കി നില്‍ക്കുന്നത് തനിക്ക് വലിയ സന്തോഷമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
24-ാം വയസില്‍ ലോകപ്രശസ്തനായ പിയാനിസ്റ്റായി മാറിയ ഡാനിയേല്‍ റിസിക്കയാണ് പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിക്കുന്ന മറ്റൊരു വ്യക്തി. തന്റെ സംഗീത ജീവിതത്തേക്കാള്‍ വലിയൊരു വിളി ദൈവം നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നത്. 35-കാരനായ ഗുഗ്ലിയല്‍മോ ലാപെണ്ണ ഒരു മദ്യനിര്‍മാണശാലയിലെ ജോലി ഉപേക്ഷിച്ചാണ് വൈദികനാകാന്‍ തീരുമാനിച്ചത്. 2016-ലെ ലോക യുവജന ദിനമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്.
കാമറൂണിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച ജോസ് ഇമ്മാനുവല്‍ സബേറ്റെയാണ് അടുത്തയാള്‍. കത്തോലിക്കാ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് വിശ്വാസത്തെക്കുറിച്ച് അറിഞ്ഞതും പിന്നീട് സെമിനാരിയില്‍ ചേര്‍ന്നതും. ഇന്ന് അദ്ദേഹം ആംഗ്യഭാഷ പഠിച്ച് ഭിന്നശേഷിക്കാര്‍ക്കായി സേവനം ചെയ്യുന്നു. അന്റോണിനോ ഓര്‍ഡിന്‍ എന്ന 27-കാരന്‍ ഡോക്ടറാകാനാണ് ആഗ്രഹിച്ചിരുന്നത്. ലാറ്റിന്‍ അമേരിക്കയിലും ഇന്ത്യയിലും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അദ്ദേഹം നിയോകാറ്റിക്കുമെനല്‍ വേ എന്ന ക്രൈസ്തവ കൂട്ടായ്മയിലൂടെയാണ് ദൈവവിളി തിരിച്ചറിഞ്ഞത്.
കൊളംബിയയില്‍ നിന്നുള്ള യോര്‍ദാന്‍ കാമിലോ മദീന, ലണ്ടനില്‍ വളര്‍ന്ന ജിയോവാനി ഇമ്മാനുവല്‍ നുന്‍സിയാന്റെ, മാതാപിതാക്കളുടെ വിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ജോര്‍ജിയോ ലാറോസ എന്നിവരും ഈ ഞായറാഴ്ച പാപ്പയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കും.