നഷ്ടപ്പെട്ട കുഞ്ഞിന്റെ ഓർമ്മകൾ മുതൽ പ്രധാനമന്ത്രിപദം നിരസിച്ച തീരുമാനം വരെ
സോണിയ ഗാന്ധിയുടെ ജീവിതം: മാതൃത്വം, കുടുംബം, ജീവന്റെ മൂല്യം, അതിജീവനം – ഒരു പ്രോ ലൈഫ് വായന.
ഒരു അമ്മയുടെ ഹൃദയത്തിൽ മായാത്ത കുഞ്ഞ്.
ഭർത്താവിന്റെ വേർപാടിൽ തകർന്നൊരു കുടുംബം. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ചൊരു സ്ത്രീ.
അധികാരത്തിന്റെ ഉന്നത പദവി മുന്നിലെത്തിയിട്ടും അത് നിരസിച്ചൊരു രാഷ്ട്രീയ നേതാവ്.
സോണിയ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചില അധ്യായങ്ങൾ നമ്മെ ചിന്തിപ്പിച്ചത് ജീവന്റെ പവിത്രതയെക്കുറിച്ചും കുടുംബത്തിന്റെ വിലയെക്കുറിച്ചുമാണ്.
ചില മനുഷ്യരുടെ ജീവിതം പുറത്തുനിന്ന് കാണുമ്പോൾ അധികാരത്തിന്റെയും പ്രശസ്തിയുടെയും വിജയത്തിന്റെയും കഥയായിരിക്കും. എന്നാൽ അവരുടെ ഉള്ളിലേക്ക് കടന്നുചെന്നാൽ നഷ്ടങ്ങളുടെയും കണ്ണീരിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും നിരവധി അധ്യായങ്ങൾ കാണാം.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ Belonging: A Journey of Love അത്തരമൊരു ജീവിതത്തിന്റെ സ്വകാര്യ അനുഭവങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുവയ്ക്കുന്നു.
രാഷ്ട്രീയത്തിനപ്പുറം ഒരു അമ്മയായും ഭാര്യയായും കുടുംബിനിയായും ജീവന്റെ മൂല്യം നെഞ്ചിലേറ്റിയ മനുഷ്യനായും സോണിയ ഗാന്ധിയുടെ ജീവിതത്തെ വായിച്ചെടുക്കാനുള്ള അവസരമാണിത്.
1. കത്തോലിക്ക വിശ്വാസപശ്ചാത്തലവും ജീവനോടുള്ള ആദരവും
സോണിയ ഗാന്ധിയുടെ വ്യക്തിത്വവും മൂല്യബോധവും മനസ്സിലാക്കുമ്പോൾ അവരുടെ കുടുംബപശ്ചാത്തലവും വിശ്വാസത്തിന്റെ സ്വാധീനവും പ്രധാനം അർഹിക്കുന്നു.
1946 ഡിസംബർ 9-ന് ഇറ്റലിയിലെ ഒർബസാനോയിൽ ജനിച്ച സോണിയ റോമൻ കത്തോലിക്ക വിശ്വാസപശ്ചാത്തലമുള്ള കുടുംബത്തിലാണ് വളർന്നത്.
ബാല്യവും കൗമാരവും ശക്തമായ കത്തോലിക്ക സാംസ്കാരിക അന്തരീക്ഷത്തിലായിരുന്നു.
ജീവൻ ദൈവത്തിന്റെ ദാനമാണെന്നും, ഗർഭസ്ഥ ശിശുവുമുതൽ ഓരോ മനുഷ്യജീവനും അതിന്റേതായ അന്തസ്സും പവിത്രതയുണ്ടെന്നും പഠിപ്പിക്കുന്ന കത്തോലിക്ക വിശ്വാസപശ്ചാത്തലമാണ് അവരുടെ ബാല്യകാലത്തെ രൂപപ്പെടുത്തിയത്.
1968-ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയ അവർ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ ഭാഗമായി മാറി.
വിവാഹശേഷം മതപരമായ മാറ്റങ്ങളെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ഉള്ള പൊതുരേഖകൾ വ്യക്തമല്ലെങ്കിലും, ബാല്യത്തിൽ ആർജ്ജിച്ച ആത്മീയ മൂല്യങ്ങളും ജീവനോടുള്ള ആദരവും അവരുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് കാണാൻ സാധിക്കും.
ജീവനോടുള്ള ആദരവ്, കുടുംബസ്നേഹം, മാതൃത്വത്തിന്റെ മഹത്വം, സഹനശക്തി, മനുഷ്യരോടുള്ള കരുതൽ തുടങ്ങിയ ഉദാത്തമായ മൂല്യങ്ങൾ ഈ പ്രോ ലൈഫ് പശ്ചാത്തലത്തിൽ നിന്നാണ് അവർ ഉൾക്കൊണ്ടത്.
2. ആദ്യത്തെ കുഞ്ഞ്; ഒരിക്കലും മായാത്ത അമ്മയുടെ ഓർമ്മയും ജീവന്റെ പവിത്രതയും
1969 ജനുവരി 18. സോണിയ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. രാഹുൽ ഗാന്ധി ജനിക്കുന്നതിന് ഒരു വർഷത്തിലേറെ മുമ്പ് അവരുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചു. മാസം തികയുന്നതിന് രണ്ടുമാസം മുമ്പ് ജനിച്ച ആൺകുഞ്ഞിന്റെ ഇൻകുബേറ്ററിലെ ആദ്യത്തെ കരച്ചിൽ സോണിയ കേട്ടു. പിന്നീട് രാജീവ് കുഞ്ഞിനെ കാണിച്ചുകൊടുത്തു. കറുത്ത മുടിയും നീണ്ട വിരലുകളുമുള്ള ആ കുഞ്ഞിനെ കണ്ടപ്പോൾ ഇരുവരും അതിയായ സ്നേഹത്തോടെ ചേർത്തുപിടിച്ചു.
എന്നാൽ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ കുഞ്ഞ് മരിച്ചു. രാജീവും സോണിയയും തകർന്നുപോയി. രാജീവ് പോലും തന്റെ വികാരങ്ങൾ നിയന്ത്രിക്കാനാകാതെ കരഞ്ഞതായി സോണിയ ആത്മകഥയിൽ ഓർക്കുന്നു.
ഈ അനുഭവത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ആ കുഞ്ഞിന്റെ അന്ത്യവിശ്രമം ഒരുക്കിയ രീതിയാണ്.
നവജാതശിശുവിന്റെ ശരീരം നദിയിൽ ഒഴുക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ച് ചർച്ച വന്നപ്പോൾ സോണിയ അതിന് തയ്യാറായില്ല.
സ്വന്തം കുഞ്ഞിന് ആധുനിക സംസ്കാരത്തിന് നിരക്കാത്ത അത്തരമൊരു അന്ത്യമുണ്ടാകരുതെന്ന് അവർ ഉറച്ചുനിന്നു.
ഒടുവിൽ തെക്കൻ ഡൽഹിയിലെ മെഹ്റൗളിയിലുള്ള ഫിറോസ് ഗാന്ധിയുടെ ഫാമിൽ പിങ്ക് ബോഗൻവില്ല ചെടിയുടെ ചുവട്ടിൽ കുഞ്ഞിനെ ആദരവോടെ അടക്കം ചെയ്തു. രാജീവും സഹോദരൻ സഞ്ജയ് ഗാന്ധിയും ചേർന്നാണ് സംസ്കാരം നടത്തിയത്. പിന്നീട് ആ സ്ഥലം സന്ദർശിക്കുമ്പോഴെല്ലാം അവർ അവിടെ പൂക്കൾ സമർപ്പിച്ചിരുന്നു.
വർഷങ്ങൾക്കുശേഷം ഈ അനുഭവം ആത്മകഥയിൽ പങ്കുവെക്കുമ്പോൾ അതൊരു പ്രോ ലൈഫ് സന്ദേശമായി മാറുന്നു.
ലോകത്തിന് ഏതാനും മണിക്കൂറുകൾ മാത്രം പരിചയമുള്ള ആ കുഞ്ഞ് അമ്മയുടെ ഹൃദയത്തിൽ ജീവിതകാലം മുഴുവൻ ജീവിച്ചു.
തന്റെ കത്തോലിക്ക ബാല്യകാലത്തുനിന്ന് പകർത്തിക്കിട്ടിയ ജീവന്റെ പവിത്രതയെക്കുറിച്ചുള്ള ബോധമാണ് ആ കുഞ്ഞിനെ ഒരു തുരുമ്പുപോലെ ഉപേക്ഷിക്കാതെ, മണ്ണിൽ ആദരവോടെ അടക്കം ചെയ്യാൻ സോണിയയെ പ്രേരിപ്പിച്ചത്.
അമ്മയുടെ മനസ്സിൽ ഓരോ കുഞ്ഞും എന്നും ജീവിക്കും. കുഞ്ഞിന്റെ ജീവിതദൈർഘ്യമല്ല, അമ്മയുടെ ഹൃദയത്തിലെ അതിന്റെ സ്ഥാനമാണ് പ്രധാനം.
3. കുടുംബവും മാതൃത്വവും:
ജീവിതത്തിന്റെ വിലപ്പെട്ട സമ്പത്ത്
സോണിയ ഗാന്ധിയുടെ ജീവിതത്തിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം വിവാഹത്തിനും കുടുംബത്തിനും മക്കൾക്കും നൽകിയ പ്രാധാന്യമാണ്. കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് പ്രണയത്തിലായ ഇരുവരും 1968 ഫെബ്രുവരിയിൽ വിവാഹിതരായി. പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനിച്ചു. രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ സോണിയ ആദ്യം ശക്തമായി എതിർത്തിരുന്നു. ഭർത്താവിനോടൊപ്പം സമാധാനപൂർണമായ കുടുംബജീവിതം നയിക്കാനും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമായിരുന്നു അവരുടെ ആഗ്രഹം.
ഇന്നത്തെ സമൂഹത്തിന് ഈ ജീവിതാനുഭവം നൽകുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. കരിയർ, വ്യക്തിപരമായ സ്വാതന്ത്ര്യം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ചിലർ കുടുംബജീവിതവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും നീട്ടിവയ്ക്കുന്നു. എന്നാൽ ജീവന്റെയും കുടുംബത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് നൽകേണ്ട പ്രാധാന്യം ഒരിക്കലും കുറച്ചുകാണാൻ കഴിയില്ല.
ഒരു കുഞ്ഞിന്റെ ചിരി, ആദ്യത്തെ വാക്ക്, വളർച്ചയിലെ ഓരോ ഘട്ടം, മാതാപിതാക്കളോടുള്ള സ്നേഹം, കുടുംബമായി പങ്കിടുന്ന സന്തോഷങ്ങൾ എന്നിവയ്ക്ക് പകരംവയ്ക്കാൻ മറ്റൊന്നിനുമാകില്ല. കുഞ്ഞുങ്ങൾ കുടുംബത്തിന്റെ സന്തോഷം മാത്രമല്ല; സ്നേഹവും കരുതലും ഉത്തരവാദിത്വവും പഠിപ്പിക്കുന്ന ജീവിതാനുഭവങ്ങളുമാണ്.
4. ഭർത്താവിന്റെ വേർപാട്: കുടുംബത്തെ സംരക്ഷിച്ച അമ്മയുടെ കരളുറപ്പ്
1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. എന്നാൽ 1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടു. ഒരേ കുടുംബത്തിന് രണ്ടുപേരെ നഷ്ടപ്പെട്ട ആഘാതം സാധാരണമായിരുന്നില്ല.
ഭർത്താവിന്റെ ദാരുണമായ വേർപാടിനുശേഷം സോണിയ പൊതുജീവിതത്തിൽനിന്ന് പൂർണ്ണമായി മാറിനിന്ന് മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിമാത്രം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. മക്കളെ സുരക്ഷിതരായി വളർത്തുക എന്ന ഒരു അമ്മയുടെ പരമപ്രധാനമായ ഉത്തരവാദിത്വമാണ് അവർ അവിടെ നിർവഹിച്ചത്.
5. പ്രധാനമന്ത്രിപദം നിരസിച്ച തീരുമാനം: കുടുംബത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന
രാജീവ് ഗാന്ധിയുടെ മരണശേഷം വർഷങ്ങളോളം രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്ന അവർ, 1998-ൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലായപ്പോഴാണ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീട് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അവർക്ക് സാധിച്ചു.
എന്നാൽ 2004-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു തീരുമാനം അവർ എടുത്തു—പ്രധാനമന്ത്രിപദം നിരസിച്ചു.
ഇതിന് കാരണമെന്തെന്ന് ആത്മകഥ വ്യക്തമാക്കുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങൾ കണ്ട മക്കൾ അമ്മയുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിപദം കുടുംബത്തിന് കൂടുതൽ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നായിരുന്നു അവരുടെ ഭയം. സഖ്യകക്ഷികളുടെയും നേതാക്കളുടെയും കടുത്ത സമ്മർദ്ദമുണ്ടായിട്ടും, മകൻ രാഹുലിന്റെ എതിർപ്പും സ്വന്തം കുടുംബത്തിന്റെ സുരക്ഷയും മനസ്സിലാക്കി അവർ ആ ഉന്നത പദവി വേണ്ടെന്നുവെച്ചു.
രാഷ്ട്രീയ അധികാരത്തേക്കാളും പദവികളേക്കാളും സ്വന്തം കുടുംബത്തിന്റെ ജീവനും സുരക്ഷയ്ക്കും സന്തോഷത്തിനുമാണ് ഒരു അമ്മ മുൻഗണന നൽകിയത് എന്ന യാഥാർത്ഥ്യം ഇവിടെ പ്രകടമാകുന്നു.
6. പ്രോ ലൈഫ് ദർശനം: സോണിയ ഗാന്ധിയുടെ അനുഭവങ്ങൾ നൽകുന്ന സന്ദേശം
ഈ ജീവിതയാത്രയെയും അനുഭവങ്ങളെയും ഒരു പ്രോ ലൈഫ് കാഴ്ചപ്പാടിലൂടെ വായിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യക്തമാണ്:
* ജീവൻ എന്നും ആദരിക്കപ്പെടണം:
കത്തോലിക്ക പശ്ചാത്തലത്തിൽ നിന്ന് ലഭിച്ച മൂല്യങ്ങളുടെ വെളിച്ചത്തിൽ, ഏതാനും മണിക്കൂറുകൾ മാത്രം ജീവിച്ച കുഞ്ഞിന്റെ ജീവനെപ്പോലും അവർ അങ്ങേയറ്റം ആദരിച്ചു. ഗർഭസ്ഥശിശു മുതൽ വാർധക്യത്തിലെത്തിയ മനുഷ്യർവരെ ഓരോ ജീവിതത്തിനും അന്തസ്സും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
* മാതൃത്വം മഹത്തായ ഉത്തരവാദിത്വമാണ്:
മാതൃത്വം മഹനിയം
കുഞ്ഞുങ്ങളെ സ്നേഹത്തോടെയും സുരക്ഷിതത്വത്തോടെയും വളർത്തുകയും അവരുടെ ഭാവിക്കായി കരുതുകയും ചെയ്യുക എന്നതാണ് മാതൃത്വത്തിന്റെ കാതൽ.
* കുടുംബം സംരക്ഷിക്കപ്പെടണം:
അധികാരവും പദവികളും എന്തുതന്നെയായാലും കുടുംബത്തിന്റെ സുരക്ഷിതത്വവും ഐക്യവുമാണ് ഏറ്റവും വലുത്.
ഓരോ ജീവനും വിലപ്പെട്ടതാണ്
സോണിയ ഗാന്ധിയുടെ ജീവിതം രാഷ്ട്രീയത്തിനപ്പുറം നമ്മോട് പറയുന്ന സന്ദേശം ലളിതവും എന്നാൽ ശക്തവുമാണ്:
ഒരു കുഞ്ഞ് ഏതാനും മണിക്കൂറുകൾ മാത്രം ജീവിച്ചാലും അമ്മയുടെ ഹൃദയത്തിൽ ആ കുഞ്ഞ് എന്നും ജീവിക്കുന്നു.
ജീവൻ ആദരിക്കപ്പെടണം.
മാതൃത്വം മഹത്വപ്പെടുത്തപ്പെടണം. കുടുംബം സംരക്ഷിക്കപ്പെടണം.
ഓരോ കുഞ്ഞിനും ജനിക്കാനും സ്നേഹത്തോടെ വളരാനുമുള്ള അവസരവും സുരക്ഷയും ലഭിക്കണം. ഇതാണ് പ്രോ ലൈഫ് ദർശനത്തിന്റെ കാതലും സന്ദേശവും.![]()
*സാബു ജോസ്*