കണ്ടറിഞ്ഞ വിശ്വാസത്തില്‍ നിന്ന് തൊട്ടറിഞ്ഞ വിശ്വാസത്തിലേക്ക്
വിശുദ്ധ തോമാശ്ലീഹായുടെ ജീവിതം നല്‍കുന്ന വലിയ പാഠം
ഭാരതസഭയുടെ പിതാവും
ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ ജീവിതം ഒരു ചരിത്രസ്മരണ മാത്രമല്ല; ഓരോ വിശ്വാസിക്കും ആത്മീയ യാത്രയുടെ വലിയൊരു മാതൃക കൂടിയാണ്. പലരും അദ്ദേഹത്തെ 'സംശയിച്ച തോമസ്' എന്ന പേരില്‍ മാത്രം ഓര്‍ക്കാറുണ്ട്. എന്നാല്‍ വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തെ ആഴത്തില്‍ പഠിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സംശയമല്ല, മറിച്ച് സത്യം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും ധീരതയുമാണെന്ന് മനസ്സിലാകും.
മുറിക്കുള്ളിലെ ഭയവും പുറത്തെ ധീരതയും
യേശുവിന്റെ ക്രൂശുമരണത്തിനുശേഷം ശിഷ്യന്മാര്‍ വലിയ ഭയത്തിലായിരുന്നു. യഹൂദ നേതാക്കള്‍ തങ്ങളെയും പിടികൂടുമോ എന്ന ആശങ്കയില്‍ അവര്‍ വാതിലുകള്‍ അടച്ചിട്ട് മുറിക്കുള്ളില്‍ കഴിഞ്ഞു. എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു പ്രത്യക്ഷപ്പെട്ട സമയത്ത് തോമാശ്ലീഹാ അവിടെ ഉണ്ടായിരുന്നില്ല; അദ്ദേഹം പുറത്തുപോയിരുന്നു. വിശുദ്ധ ഗ്രന്ഥം അദ്ദേഹം എവിടേക്കാണ് പോയതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും, മറ്റുള്ളവര്‍ ഭയത്താല്‍ അടച്ചിട്ട മുറിക്കുള്ളില്‍ കഴിയുമ്പോള്‍ തോമാശ്ലീഹാ പുറത്തേക്ക് ഇറങ്ങാന്‍ ധൈര്യം കാണിച്ചു എന്നത് ശ്രദ്ധേയമാണ്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷതയിലേക്ക് വിരല്‍ചൂണ്ടുന്നു -
ധീരത.
ലാസറിനെ ഉയിര്‍പ്പിക്കുന്നതിനായി യേശു വീണ്ടും യെഹൂദ്യയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ തോമാശ്ലീഹാ പറഞ്ഞ വാക്കുകള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്:
> «'നമുക്കും പോകാം; അവനോടുകൂടെ മരിക്കാം.' (യോഹന്നാന്‍ 11:16)»
>
ഇത് ഒരു ഭീരുവിന്റെ വാക്കുകളല്ല, മറിച്ച് ഗുരുവിനോടുള്ള വിശ്വസ്തതയും സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും നിറഞ്ഞ ഒരു യഥാര്‍ത്ഥ ശിഷ്യന്റെ പ്രഖ്യാപനമാണ്.
വെറും ഭക്തിയല്ല,
ഉറച്ച ബോധ്യം
തോമാശ്ലീഹാ വെറുതേ കേട്ടറിഞ്ഞ ഭക്തിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചില്ല. മറ്റുള്ളവര്‍ പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ ജീവിതം സമര്‍പ്പിച്ച ഗുരു യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്ന് നേരിട്ട് അറിയുവാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്:
«'അവന്റെ കൈകളില്‍ ആണിപ്പഴുതുകള്‍ കാണുകയും എന്റെ വിരല്‍ ആണിപ്പഴുതുകളില്‍ ഇടുകയും എന്റെ കൈ അവന്റെ പാര്‍ശ്വത്തില്‍ വയ്ക്കുകയും ചെയ്തില്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുകയില്ല.' (യോഹന്നാന്‍ 20:25)»
ഇത് അവിശ്വാസത്തിന്റെ ഭാഷയായിരുന്നില്ല, മറിച്ച് സത്യത്തെ കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ അന്വേഷണത്തിന്റെ ഭാഷയായിരുന്നു. വികാരങ്ങളുടെ അടിസ്ഥാനത്തിലോ കൂട്ടത്തിന്റെ ആവേശത്തിലോ അല്ല, ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. യേശു പിന്നീട് അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: «'നിന്റെ വിരല്‍ ഇവിടെ കൊണ്ടുവന്ന് എന്റെ കൈകള്‍ നോക്കുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.' (യോഹന്നാന്‍ 20:27)»
അപ്പോള്‍ തോമാശ്ലീഹായുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്ന വിശ്വാസ പ്രഖ്യാപനം ഇന്നും സഭയുടെ ഏറ്റവും ശക്തമായ ഏറ്റുപറച്ചിലുകളില്‍ ഒന്നാണ്:
> «'എന്റെ കര്‍ത്താവും എന്റെ ദൈവവും!' (യോഹന്നാന്‍ 20:28)»
>
കണ്ടറിഞ്ഞ വിശ്വാസവും തൊട്ടറിഞ്ഞ വിശ്വാസവും
കണ്ടറിഞ്ഞ വിശ്വാസം മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും സാക്ഷ്യങ്ങളിലൂടെയും ലഭിക്കുന്നതാണ്. എന്നാല്‍ തൊട്ടറിഞ്ഞ വിശ്വാസം വ്യക്തിപരമായ ദൈവാനുഭവത്തില്‍ നിന്നാണ് ജനിക്കുന്നത്.
തോമാശ്ലീഹാ കേട്ടറിഞ്ഞ വിശ്വാസത്തില്‍ തൃപ്തനാകാതെ തൊട്ടറിഞ്ഞ വിശ്വാസത്തിലേക്ക് യാത്ര ചെയ്തു. അതുകൊണ്ടാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായി മാറിയത്.
കണ്ടറിഞ്ഞ വിശ്വാസം
അറിവ് നല്‍കും.
തൊട്ടറിഞ്ഞ വിശ്വാസം ബോധ്യം നല്‍കും.
ജീവിച്ചുകാണിക്കുന്ന വിശ്വാസം
മറ്റുള്ളവര്‍ക്ക് പ്രത്യാശ നല്‍കും.
ഭാരതത്തിലേക്കുള്ള മഹായാത്രയും ജീവിക്കുന്ന പാരമ്പര്യവും
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ തോമാശ്ലീഹാ പിന്നീട് ലോകത്തിന്റെ അതിരുകളിലേക്ക് സുവിശേഷവുമായി പുറപ്പെട്ടു.
സഭാപാരമ്പര്യമനുസരിച്ച് ക്രിസ്തുവര്‍ഷം 52-ല്‍ അദ്ദേഹം ഭാരതത്തിലെത്തി. യാത്രാ സൗകര്യങ്ങളോ ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കേരളത്തിലെത്തിയ അദ്ദേഹം ഏഴ് പള്ളികളും ഒരു അര്‍ദ്ധപള്ളിയും സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.
ഭാഷയും സംസ്‌കാരവും ജീവിതരീതിയും തികച്ചും വ്യത്യസ്തമായ ഒരു നാട്ടിലാണ് അദ്ദേഹം യേശുക്രിസ്തുവിന്റെ സുവിശേഷം വിതച്ചത്.
ഇന്ന് മാര്‍ത്തോമാ നസ്രാണികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിശ്വാസത്തിന്റെയും കുടുംബമൂല്യങ്ങളുടെയും സാക്ഷികളായി ജീവിക്കുന്നു.
സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ, മാര്‍ത്തോമ്മാ സഭ തുടങ്ങി അനേകം ക്രൈസ്തവ സമൂഹങ്ങള്‍ ഈ അപ്പസ്‌തോലിക പാരമ്പര്യത്തെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ ഈ സഭകളിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
സമകാലിക ലോകവും തോമാശ്ലീഹായും
ഇന്നത്തെ ഭാരതീയ-കേരളീയ സാഹചര്യങ്ങളില്‍ വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തിന് വലിയ പ്രസക്തിയുണ്ട്.
അന്ധമായ അനുകരണങ്ങള്‍ക്കപ്പുറം സത്യം അന്വേഷിക്കാനുള്ള ആര്‍ജ്ജവവും, സുരക്ഷിത വലയങ്ങളില്‍ നിന്ന് പുറത്തുകടന്ന് പ്രതിസന്ധികളെ നേരിടാനുള്ള ധീരതയും അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളെയും ആചാരങ്ങളെയും ആദരിച്ചുകൊണ്ട്, പ്രാദേശിക തനിമയോടെ വളര്‍ന്ന ഭാരതസഭയുടെ പാരമ്പര്യം ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും വലിയൊരു പാഠമാണ്.
അപരനെ സംശയത്തോടെ നോക്കുന്ന ഇന്നത്തെ ലോകത്തില്‍, സംശയങ്ങളെ ഉറച്ച ബോധ്യങ്ങളാക്കി മാറ്റിയ അപ്പസ്‌തോലന്റെ നിലപാട് സമൂഹത്തിന് നന്മ ചെയ്യാനും ധീരമായി നിലകൊള്ളാനുമുള്ള വലിയൊരു ആത്മീയ ഊര്‍ജ്ജമാണ്.
ഇന്നത്തെ പാഠം
വിശ്വാസം എന്നത് എവിടെയെങ്കിലും സൂക്ഷിച്ചുവെച്ച് ആവശ്യം വരുമ്പോള്‍ മാത്രം പുറത്തെടുക്കുന്ന ഒന്നല്ല; അത് ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നമ്മെ നയിക്കേണ്ട ശക്തിയാണ്.
ഭക്തി പ്രധാനമാണ്, എന്നാല്‍ ഭക്തിയെക്കാള്‍ വിശ്വാസത്തിന്റെ കരുത്താണ് ജീവിത പ്രതിസന്ധികളില്‍ മനുഷ്യനെ താങ്ങിനിര്‍ത്തുന്നത്. സത്യത്തെ അന്വേഷിക്കുക, ദൈവത്തെ അനുഭവിച്ചറിയുക, കണ്ടറിഞ്ഞ വിശ്വാസത്തില്‍ നിന്ന് തൊട്ടറിഞ്ഞ വിശ്വാസത്തിലേക്ക് വളരുക - ഇതാണ് വിശുദ്ധ തോമാശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്.
പ്രാര്‍ത്ഥന ????
വിശുദ്ധ തോമാശ്ലീഹായേ, ഭാരതത്തിന്റെ അപ്പസ്‌തോലാ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. സംശയങ്ങളില്‍ തളരാതെ സത്യത്തെ അന്വേഷിക്കുവാനും, ദൈവത്തെ അനുഭവിച്ചറിയുവാനും, കണ്ടെത്തിയ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാനും, ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ.????
'എന്റെ കര്‍ത്താവും എന്റെ ദൈവവും' എന്ന അങ്ങയുടെ വിശ്വാസ പ്രഖ്യാപനം ഞങ്ങളുടെ ജീവിതത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഭാഗമാകട്ടെ. ആമേന്‍.????
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദുക്ക്രാന തിരുനാള്‍ ആശംസകള്‍! ?????
സാബു ജോസ്
എറണാകുളം
?? 9446329343