സംസ്ഥാനനത്തെ മെഡിക്കല്‍ കോളജുകളില്‍ ഉപകരണ ക്ഷാമം മുതല്‍ ജീവനക്കാരുടെ കുറവും..സത്യം തുറന്നു പറഞ്ഞാല്‍ ആരോഗ്യവകുപ്പും സര്‍ക്കാരും ക്രൂശിക്കാന്‍ ശ്രമിക്കും

കോട്ടയം: സംസ്ഥാനനത്തെ മെഡിക്കല്‍ കോളജുകളില്‍ ഉപകരണ ക്ഷാമം മുതല്‍ ജീവനക്കാരുടെ കുറവും.. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ സര്‍ക്കാര്‍ തയാറില്ല. ഉപകരണക്ഷാമം വെളിപ്പെടുത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ കുറ്റക്കാരനാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചതിനു പിന്നാലെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങള്‍ മാത്രം ചര്‍ച്ചയായെങ്കിലും തട്ടിക്കൂട്ടു നടപടിയിലൂടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ജീവനക്കാരുടെ ക്ഷാമം മുതല്‍ നായശല്യമില്ലാതെ നടക്കാനുള്ള സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരും ചര്‍ച്ചയാക്കുന്നില്ലെന്നാണു ജീവനക്കാരുടെ പരാതി.
ദിവസേന ആയിരക്കണക്കിനു രോഗികളും കൂട്ടിരിപ്പുകാരും വന്നു പോകുന്ന മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നു ജീവനക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്ന ഒരോ രോഗിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ പരിഹരിക്കേണ്ടത് അനിവാര്യമല്ലേയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍സുമാരും ഇല്ലെങ്കില്‍ താളം തെറ്റുന്നതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന പല വിഭാഗങ്ങളിലൊന്നും ആവശ്യത്തിനു ഡോക്ടര്‍മാരില്ല. വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രഫസറുടെ 50 ഓളം ഒഴിവുകളും അസോസിയേറ്റ് പ്രഫസര്‍മാരുടെ 10 ഒഴിവുകളും പ്രഫസര്‍മാരുടെ രണ്ട് ഒഴിവുകളും നികത്തണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ല.
നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഡ്യൂട്ടിക്കു കയറിയാല്‍ പിന്നെ ഒരു മിനിറ്റ് പോലും ഇരിക്കാനോ വിശ്രമിക്കാനോ പല സമയങ്ങളിലും നഴ്സുമാര്‍ക്കു സമയം ലഭിക്കാറില്ല. വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കാണ് ദുരിതമേറെ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ഒരു രോഗിയ്ക്ക് ഒരു നഴ്സ് എന്നതാണ് ചട്ടപ്രകാരമുള്ള അനുപാതം. എന്നാല്‍, പലപ്പോഴും 1:10 എന്ന അനുപാതത്തിനും മുകളിലാണ്. വാര്‍ഡുകളില്‍ 4-6 രോഗികള്‍ക്ക് ഒരു നഴ്സ് എന്നാണ് അനുപാതമെങ്കിലും പല വാര്‍ഡുകളിലും 1:50 എന്നതാണു നിലവിലെ അനുപാതം. രോഗികള്‍ക്കു മരുന്നു വിതരണവും കുത്തിവയ്പ്പും നല്‍കുന്നതിനൊപ്പം വിശദമായ റെക്കോര്‍ഡുകള്‍ തയാറാക്കേണ്ടി വരും. കേസ് ഷീറ്റ് തയാറാക്കണം. പല ഡോക്ടര്‍മാര്‍ ഒരു വാര്‍ഡില്‍ വരുമെന്നതിനാല്‍ ഇവര്‍ക്കൊപ്പം റൗണ്ട്സിനു പോകണം. രോഗികള്‍ പല സ്വഭാവമുള്ളവരായതിനാല്‍ ഇവരെ മെരുക്കുകയെന്നതും ശ്രമകരമായ ജോലിയാണെന്നും നഴ്സുമാര്‍ പറയുന്നു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതികരണത്തിനും പ്രതിഷേധത്തിനും വിധേരാകേണ്ടിവരുന്നതും നഴ്സുമാരാണ്.
ഇക്കാര്യങ്ങളില്‍ ഒന്നും ആരോഗ്യ വകുപ്പ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. പകരം സത്യം തുറന്നു പറയുന്നവരെ ക്രൂശിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.