സ്‌കോച്ച് വിസ്‌കി മുതല്‍ കാറുകള്‍ വരെ നാളെ മുതല്‍ ഇന്ത്യയിലേക്ക് ഒഴുകും. ഇനിയും വിലകുറയാന്‍ സാധ്യതയുള്ളത് എന്തൊക്കെയാണ്?
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാനമായ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഈ കരാര്‍ നിലവില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യയില്‍ വില ഗണ്യമായി കുറയും.
2025 ജൂലൈ 24-ന് ഒപ്പുവെച്ച ഈ കരാര്‍ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തികമായി വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.
ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടന്‍ തന്നെ കുറയുന്നതാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി ചുരുങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
കാര്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയൊരു വാര്‍ത്തയാണിത്. നിലവില്‍ 110 ശതമാനം വരെ നികുതി ഈടാക്കുന്ന ബ്രിട്ടീഷ് കാറുകളുടെ ഇറക്കുമതി തീരുവ പത്ത് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി കുറയും.
എന്നാല്‍, ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയെ തകര്‍ക്കാതിരിക്കാന്‍ ബ്രിട്ടീഷ് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ഈ കരാര്‍ വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഏകദേശം 99 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും യാതൊരു നികുതിയുമില്ലാതെ ബ്രിട്ടീഷ് വിപണിയില്‍ പ്രവേശിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കുന്നു.
തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയ്ക്കെല്ലാം ഇതിലൂടെ വന്‍ വിപണി ലഭിക്കും.
ബ്രിട്ടനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവര്‍ക്ക് ഈ കരാര്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്.
ജൂലൈ 15 മുതല്‍ 'ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍' നിലവില്‍ വരുന്നതോടെ, ബ്രിട്ടനിലെ സോഷ്യല്‍ സെക്യൂരിറ്റിയിലേക്ക് അടച്ചിരുന്ന തുക ഇനി ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിക്കും. ഇതുവഴി പ്രവാസികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും അതില്‍ നിന്ന് പലിശ നേടാനും കഴിയും.
ഇന്ത്യന്‍ കര്‍ഷകരെയും ക്ഷീരകര്‍ഷകരെയും ബാധിക്കാതിരിക്കാന്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, പഞ്ചസാര, അരി, പോര്‍ക്ക്, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെ ഇറക്കുമതി തീരുവ ഇളവുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
2040-ഓടെ ഈ കരാര്‍ വഴി ബ്രിട്ടനില്‍ നിന്നുള്ള കയറ്റുമതിയില്‍ 60 ശതമാനത്തിന്റെയും, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 25 ശതമാനത്തിന്റെയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
ഇത് ബ്രിട്ടന്റെ ജിഡിപിയില്‍ 0.13 ശതമാനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.