63 രൂപയില്‍ നിന്ന് 530-ലേക്ക്; ജയില്‍ അന്തേവാസികളുടെ പ്രതിദിന വേതനത്തില്‍ വന്‍ വര്‍ദ്ധനവ്
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രതിദിന വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പത്ത് മടങ്ങ് വരെയാണ് വേതനത്തില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. തടവുകാരുടെ അധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പ്രതിദിന വേതനം 152 രൂപയില്‍ നിന്ന് 620 രൂപയായി ഉയര്‍ത്തി. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി.
ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.
ജയില്‍ ശിക്ഷാ കാലയളവിനുശേഷം പുറത്തിറങ്ങുന്ന തടവുകാരുടെ സാമ്പത്തിക സുരക്ഷിതത്വവും പുനരധിവാസവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നാല് സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന മൂവായിരത്തിലധികം ശിക്ഷാതടവുകാര്‍ക്ക് ഈ വേതന വര്‍ദ്ധനവിന്റെ ആനുകൂല്യം ലഭിക്കുക.
സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന സര്‍ക്കാര്‍ ഏകീകരിച്ചു.
അവസാനമായി 2018-ലാണ് തടവുകാരുടെ വേതനം പരിഷ്‌കരിച്ചത്. എന്നാല്‍ ഇത്രയും വലിയൊരു തുക വേതനമായി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്.