തൃശൂരിലെ കോഴിയും കുമ്പളങ്ങയും മുതല്‍ കുട്ടനാട്ടിലെ കറുത്ത താറാവ് കറി വരെ..
സുറിയാനി ഭക്ഷണമെന്നു പറയുന്നതു പാരമ്പര്യവും പ്രത്യേകതയും നിറഞ്ഞ ഒന്നാണെന്നു വി.ഡി. സതീശന്‍

 
 v d

കാക്കനാട്: തൃശൂരിലെ കോഴിയും കുമ്പളങ്ങയും മുതല്‍ കുട്ടനാട്ടിലെ കറുത്ത താറാവ് കറി വരെ..
സുറിയാനി ഭക്ഷണമെന്നു പറയുന്നതു പാരമ്പര്യവും പ്രത്യേകതയും നിറഞ്ഞ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സെന്റ് തോമസ് മൗണ്ടില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുറിയാനി ഭക്ഷണം ഒരോ പ്രദേശത്തു തന്നെ മാറും. പോര്‍ക്കും കൂര്‍ക്കയും ഏറണാകുളത്ത് ഉള്ള ഒന്നാണ്. അത് തൃശൂരിലുമുണ്ട്. എന്നാല്‍, തൃശൂരിലെ പ്രത്യേക സുറിയാനി ഭക്ഷണം കോഴിയും കുമ്പളങ്ങയുമാണ്. അത് പാലായില്‍ ഇല്ല, അങ്കമാലിയില്‍ ഇല്ല, ചങ്ങാശേരിയില്‍ ഇല്ല. സീറോ മലബാറുകാരുടെ മാങ്ങയിട്ട മീന്‍കറിയും യാക്കോബായക്കാരുടെ മാങ്ങയിട്ട മീന്‍കറിയും തമ്മില്‍ വ്യത്യാസമുണ്ട്.  

സീറോ മലബാറുകാരുടെ മാങ്ങിയിട്ട മീന്‍ കറിയില്‍ ഒത്തിരി പ്രത്യേകതയുണ്ട്. അഞ്ഞൂറ് പേര്‍ക്കു ഭക്ഷണം കൊടുക്കുകയാണെങ്കില്‍ മൂന്നോ നാലോ കിലോ മീനേ ഇടൂ. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ഒരു മീന്‍മുള്ള് കിട്ടൂ. പക്ഷേ, മീനിൻ്റെ രുചിയായിരിക്കും കറിക്ക്. എനിക്കു ഭയങ്കര ഇഷ്ടമാണ് ആ മാങ്ങാ കറി. പറവൂരിൽ പള്ളിയില്‍ പോകുമ്പോള്‍ മാങ്ങാ കറി ഉണ്ട് എന്നു പറഞ്ഞു ഭക്ഷണം കഴിക്കാന്‍ എന്നെ അവർ പ്രകോപിപ്പിക്കും. പക്ഷേ, യാക്കോബായക്കാരുടേതു ശരിക്കും മീന്‍ മാങ്ങാകറിയാണ്. അതില്‍ മീന്‍ ഒരുപാട് ഉണ്ടാകും. അങ്കമാലിയില്‍ പോര്‍ക്കിനാണു പ്രധാന്യം, പിന്നെ അങ്ങോട്ടുള്ള പ്രദേശങ്ങളില്‍ കുടംപുളി ഇട്ടു വറ്റിച്ച മീന്‍കറി, ബീഫ് തേങ്ങാക്കൊത്തിട്ട് ഉലര്‍ത്തിയത് എന്നിവയും. ചങ്ങാശേരി ഭാഗത്തു താറാവിനാണു പ്രാധാന്യം. കിഴക്കമ്പലത്ത് താറാവ് ഉണ്ടാക്കുന്നതും ചങ്ങാശേരിയില്‍ താറാവ് ഉണ്ടാക്കുന്നതും രണ്ടു രീതിയിലാണ്. കുട്ടനാട്ടിലെ സുറിയാനി ക്രിസ്ത്യാനികളുടെ താറാവ് കറിക്കു കറുത്ത നിറമാണ്. വറുത്തരച്ച കറിയാണ് അത്. എന്നാല്‍, ഇങ്ങോട്ട് പാലൊഴിച്ചിട്ടുള്ള താറാവ് കിറയാണ്. ഇതെല്ലാം സുറിയാനി ഭക്ഷണത്തിന്റെ വലിയ പ്രത്യേകതകളാണ്. സുറിയാനി ക്രിസ്ത്യാനികളുടെ ഭക്ഷണത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാനുണ്ട്. നിങ്ങള്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ എഴുതുമെന്നും സദസിനെ പൊട്ടിച്ചിരിപ്പിച്ചു സതീശന്‍ പറഞ്ഞു.

എപ്പോഴും ചരിത്ര പുസ്തകങ്ങള്‍ ഇന്‍സ്പയറിങ്ങ് ആയിരിക്കണം. കത്തോലിക്കാ മിഷനിറിമാരാണെങ്കിലും പ്രൊട്ടസ്റ്റന്റ് മിഷനറിമാണാണെങ്കിലും കേരളത്തെ ഇന്നു കാണുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, അടിമത്വം അവസാനിപ്പിക്കല്‍ തുടങ്ങി സാമൂഹിക സാംസ്‌കാരി മാറ്റത്തിന് മുഖ്യപങ്ക് വഹിച്ചത് മിഷനിറമാരാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കാനുള്ള കാരണം മിഷനറിമാരാണ്. നായര്‍ ഡോമിനേഷന്‍ കേരളത്തില്‍ തകര്‍ന്നതിനെക്കുറിച്ച് റോബര്‍ട്ട് ജെഫ്രിയുടെ പുസ്തകത്തില്‍ ഉണ്ട്. ക്രൈസ്ത സഭാ ചരിത്രം എന്നത് കേരളത്തിന്റെ കൂടി ചരിത്രമാണെന്നും സതീശന്‍ പറഞ്ഞു.

Tags

Share this story

From Around the Web