മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള അധികാരമല്ല: കെസിവൈഎം
കൊച്ചി: മാധ്യമസ്വാതന്ത്ര്യം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനുള്ള അധികാരമല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി.
കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്കുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ ആക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള എഡിഷനില്‍, ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി ചിത്രീകരിച്ച സംഭവത്തില്‍ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം (കെസി വൈഎം) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ക്രൈസ്തവര്‍ പാവനമായി കണക്കാക്കുന്ന ചിത്രത്തെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ ആയി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യംകൊണ്ട് ന്യായീകരിക്കാനാവുന്നതല്ല. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അപലപനീയമാണ്. മത സൗഹാ ര്‍ദ്ധവും ഐക്യവും തകര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മാധ്യമധര്‍മ്മത്തിന് ഉതകുന്നതല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യ മാപ്പു പറയണമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തിരുവത്താഴ ചിത്രത്തോട് ടൈംസ് ഓഫ് ഇന്ത്യ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാട് ഏറെ ലജ്ജാകരമാണ്. ഈ വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്താത്തപക്ഷം ശക്തമായി പ്രതിഷേധിക്കാന്‍ കെസിവൈഎം തീരുമാനിച്ചു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി, ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജെന്‍സണ്‍ ആല്‍ബി, തുടങ്ങിയവര്‍ പ്രസംഗിച്ചു.