സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ക്ക് സൗജന്യ വിശ്രമകേന്ദ്രം: ആദ്യഘട്ടത്തില്‍ മൂന്ന് നഗരങ്ങളില്‍
തിരുവനന്തപുരം: നഗരങ്ങളില്‍ വെയിലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്ന ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ഗിഗ് തൊഴിലാളികള്‍ക്ക് ആശ്വാസമേകി സംസ്ഥാനത്ത് സൗജന്യ വിശ്രമമുറികള്‍ ഒരുങ്ങുന്നു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് വിശ്രമമുറികള്‍ തുറക്കുക. അടുത്ത മാസം 20-നകം ഇവ പ്രവര്‍ത്തനസജ്ജമാകുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. പദ്ധതിക്കായി 90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
വിശ്രമമുറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കിടന്നു വിശ്രമിക്കാനുള്ള കട്ടിലുകള്‍, വൃത്തിയുള്ള ശുചിമുറി സൗകര്യം, കുടിവെള്ളം, വിനോദത്തിനായി ടിവി എന്നിവയും ലഭ്യമായിരിക്കും.
ഗിഗ് തൊഴിലാളികള്‍ക്ക് സൗജന്യമായാകും സേവനങ്ങള്‍ ലഭ്യമാക്കുക. നിലവില്‍ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെങ്കിലും വൈകാതെ തന്നെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഇതിന്റെ ഭാഗമായി പിന്നീട് കണ്ടെയ്നര്‍ ബ്ലോക്ക് രീതിയിലുള്ള അത്യാധുനിക വിശ്രമമുറികള്‍ സ്വന്തമായി നിര്‍മ്മിക്കാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് 2026 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.