എസ്ഐആറിന്റെ പേരില്‍ തട്ടിപ്പ്; 'ആപ്പില്‍' വീഴരുതെന്ന് പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കല്‍, സര്‍വേ എന്നിവയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. എസ്ഐആര്‍ ഫോം പൂരിപ്പിച്ച് തരാമെന്ന വ്യാജേന പണം തട്ടുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വാട്ട്സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ എസ്ഐആര്‍ ഫോം പൂരിപ്പിച്ച് നല്‍കാമെന്ന വ്യാജേന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇത്തരം വ്യാജ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിങ് വിവരങ്ങള്‍, എസ്എംഎസ്, ഒടിപി, കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നിവ തട്ടിപ്പുകാര്‍ക്ക് പൂര്‍ണമായും ചോര്‍ത്താന്‍ സാധിക്കും.
Read Also എസ്‌ഐആര്‍: ഹിയറിങ്ങിന് വരേണ്ടവരുടെ ലിസ്റ്റ് ബിഎല്‍ഒമാര്‍ക്ക് നല്‍കിത്തുടങ്ങി
മൊബൈല്‍ ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും കൈക്കാലാക്കുന്ന ഇത്തരം തട്ടിപ്പുകാര്‍ ഒടിപി പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം കവര്‍ന്നുവരികയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നുകേട്ടിരുന്നു. ഒരു തവണ പണം നഷ്ടപെട്ടവരോട് വീണ്ടും വ്യാജമായ കാരണങ്ങള്‍ പറഞ്ഞ് തുക തട്ടിയെടുക്കുന്ന രീതിയും കണ്ടുവരികയാണ്. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ എപികെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിന് ഇരയാകുന്നവര്‍ എത്രയും വേഗം 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടലിലോ പരാതിപ്പെടുക.