പരിവാഹൻ സൈറ്റിന്‍റെ പേരിൽ തട്ടിപ്പ്. 2700 ഓളം പേരെ തട്ടിപ്പിനിരയാക്കിയ സംഘത്തെ വാരാണസിയില്‍ നിന്ന് പിടികൂടി കൊച്ചി സൈബര്‍ പൊലീസ്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരിവാഹന്‍ സൈറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി കേരള പോലീസ്. രാജ്യവ്യാപകമായി 2700 ഓളം പേരെ തട്ടിപ്പിനിരയാക്കിയ വന്‍ സംഘത്തെയാണ് കൊച്ചി സൈബര്‍ പൊലീസ് വാരാണസിയില്‍ നിന്ന് പിടികൂടിയത്. പിടിയിലായ യു പി സ്വദേശികളുമായി സൈബര്‍ പോലീസ് കൊച്ചിയിലേക്ക് തിരിച്ചു.
മോട്ടോര്‍ വാഹനനിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി വാഹനമുടമകള്‍ക്ക് പിഴ സന്ദേശം വാട്‌സാപ്പ് നമ്പറില്‍ അയച്ചാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. പരിവാഹന്‍ സൈറ്റില്‍ നിന്നെന്നു തോന്നിക്കും വിധം വ്യാജ സൈറ്റില്‍ നിന്നാണ് സന്ദേശമയക്കുക.
പിഴയടക്കാനായി അയക്കുന്ന ലിങ്കില്‍ വാഹനമുടമ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകുന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. അത്തരത്തില്‍ പണം നഷ്ടമായ എറണാകുളം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് യു പി സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്ന് കൊച്ചി സൈബര്‍ പൊലീസ് തിരിച്ചറിഞ്ഞത്.
ഇരുവരും വാരാണസിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നേരിട്ടെത്തി പിടികൂടുകയായിരുന്നു.
രാജ്യവ്യാപകമായി 2700 ഓളം പേരെ ഇവര്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടത്തിയതായും സംസ്ഥാനത്തെ വാഹനമുടമകളില്‍ നിന്ന് ഇത്തരത്തില്‍ 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇരുവരെയും കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് സൈബര്‍ പൊലീസിന്റെ പ്രതീക്ഷ