വ്യാജ ട്രേഡിംഗ് ആപ്പുകളുടെ പേരില്‍ തട്ടിപ്പ്:മുഖ്യസൂത്രധാരന്‍ മലയാളി. 9 പേരെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

 
DELHI POLICE


ദില്ലി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബര്‍ നിക്ഷേപ തട്ടിപ്പില്‍ സൂത്രധാരന്‍ മലയാളി.

 15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ കാസര്‍കോട് സ്വദേശി ജമാലുദ്ദീന്‍ ഫൈസി ആണ് മുഖ്യസൂത്രധാരന്‍ എന്ന് ദില്ലി പൊലീസ് അറിയിച്ചു. മുസമ്മില്‍ തയ്ബ് എന്ന ഇയാളുടെ സഹായിയെയും പൊലീസ് പിടികൂടി.

 വ്യാജ ട്രേഡിങ് ആപ്പുകളുടെ പേരിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി 9 പേരാണ് അറസ്റ്റിലായത്. 


വാട്‌സ്ആപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിംഗ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.


വ്യാജ ലാഭം കാണിച്ച് കൂടുതല്‍ നിക്ഷേപം നടത്തിക്കുകയും പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്‌മെന്റ്, അക്കൗണ്ട് വെരിഫിക്കേഷന്‍ തുടങ്ങിയ പേരുകളില്‍ അധിക പണം ആവശ്യപ്പെടുകയുമായിരുന്നു തട്ടിപ്പ് രീതി. 

ഷെല്‍ സ്ഥാപനങ്ങളുടെ പേരില്‍ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പ് പണം പല ഘട്ടങ്ങളിലായി മാറ്റിയതായി പൊലീസ് കണ്ടെത്തി.

 ഖത്തര്‍ ബന്ധവും ദുബായ് കേന്ദ്രീകരിച്ചുള്ള ഏകോപനവും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും വാട്‌സ്ആപ്പ് ചാറ്റുകള്‍, ബാങ്കിങ് രേഖകള്‍,കെ വൈ എസി വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. വിദേശ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web