മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി,കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍

 
MESSI

തിരുവനന്തപുരം: മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌പോണ്‍സര്‍ക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.


കരാര്‍ നടപടികളില്‍ കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ മന്ത്രിയും ഓഫീസിലെ ചില ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. മുന്‍ മന്ത്രിയുടെ ഇ-മെയില്‍ ഔദ്യോഗിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചതും അന്വേഷണത്തില്‍ പരിശോധിച്ചിരുന്നു.

മുന്‍മന്ത്രി വി. അബ്ദുറഹിമാനെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ടെന്‍ഡര്‍ നടപടികളില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ക്കായി നടത്തിയ വിദേശയാത്രകള്‍, മന്ത്രിയുടെ ഓഫീസ് നടത്തിയ ആശയവിനിമയങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
അതേസമയം, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ എസ്‌ഐടി നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. നേരത്തെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡിജിപി എസ്‌ഐടി റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുവരികയാണ്. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരവകുപ്പിന് കൈമാറും. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരമുള്ള തുടര്‍നടപടികളും വി. അബ്ദുറഹിമാനെ കേസില്‍ പ്രതി ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും.
മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ്, സാമ്പത്തിക ഇടപാടുകള്‍, ഔദ്യോഗിക നടപടികള്‍ എന്നിവയിലാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ മുന്‍മന്ത്രിയുടെ പങ്ക് സംബന്ധിച്ച രേഖകളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web