മെസിയുടെ പേരിലെ തട്ടിപ്പ്; സ്‌പോണ്‍സര്‍ക്കെതിരെ ഗുരുതര കണ്ടെത്തല്‍, സ്റ്റേഡിയം കൈമാറ്റത്തില്‍ കഴിഞ്ഞ സര്‍ക്കാരിനും പങ്കെന്ന് റിപ്പോര്‍ട്ട്.സ്‌പോണ്‍സര്‍ ലക്ഷ്യമിട്ടത് കോടികളുടെ വരുമാനം.
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്. സ്‌പോണ്‍സര്‍ ലക്ഷ്യമിട്ടത് കോടികളുടെ വരുമാനം.
സര്‍ക്കാരിനുള്ള വരുമാനം കണക്കാക്കിയില്ല. സ്‌പോണ്‍സര്‍ഷിപ്പ് ആര്‍ബിസിക്ക് നല്‍കിയതില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. മത്സരം നടത്താനുള്ള സാമ്പത്തികസ്ഥിതി പരിശോധിക്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറാക്കിയെന്നും കണ്ടെത്തല്‍.
കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്ന് അന്വേഷിച്ചില്ല. വിദേശത്തേക്ക് പണം അയച്ചതും ചട്ടലംഘനം. ഇതിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. പണമിടപാടിന് പിന്നില്‍ സ്‌പോണ്‍സറുടെ ക്രിമിനല്‍ ലക്ഷ്യം വിലയിരുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കോടികളുടെ വരുമാനമാണ് സ്‌പോണ്‍സര്‍ ലക്ഷ്യമിട്ടത്. സര്‍ക്കാരിനുള്ള വരുമാനം കണക്കാക്കിയില്ലെന്നും കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം അയച്ചത് ഫെമ ചട്ടം ഷെഡ്യൂള്‍ 2 പ്രകാരമാണ്. ഇതിലൂടെ സ്‌പോണ്‍സര്‍ക്ക് ബാങ്ക് ഗ്യാരന്റി ഒഴിവായിക്കിട്ടി. ഇതില്‍ കായിക വകുപ്പിന്റെ ഗൂഢാലോചന സംശയിക്കുന്നു.
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഇടപാടുകളിലും ദുരൂഹതയുണ്ട്. പണമിടപാടിന് പിന്നില്‍ സ്‌പോണ്‍സറുടെ ക്രിമിനല്‍ ലക്ഷ്യം വിലയിരുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്റ്റേഡിയം കൈമാറ്റത്തിലും കഴിഞ്ഞ സര്‍ക്കാരിനും പങ്ക് ഉണ്ട്. മുന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ച പറ്റി.
2025 ഒക്ടോബര്‍ 7 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റേഡിയം കൈമാറ്റത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ യോഗത്തിന്റെ മിനുട്‌സ് കണ്ടെത്തണം.
സര്‍ക്കാര്‍ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഉപയോഗിക്കാന്‍ യോഗം തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടില്‍ ജിസിഡിഎക്കും പങ്ക് ഉണ്ട്. സ്റ്റേഡിയത്തിന്റെ വാടക ഒഴിവാക്കിയത് കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.