തികഞ്ഞ ആത്മീയാനന്ദത്തിന്റെ വിശുദ്ധനായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്: കര്‍ദ്ദിനാള്‍ പരൊളീന്‍

 
parolin farncis

വിശുദ്ധ അന്തോനീസിനോടോ, റീത്ത പുണ്യവതിയോടോ എന്നതുപോലെ, പ്രത്യേക കൃപകള്‍ക്കായി മാദ്ധ്യസ്ഥ്യം അപേക്ഷിക്കാനല്ല, അത്ഭുതത്തോടെ വിശുദ്ധന്റെ ജീവിതത്തെ നോക്കിക്കാണാനും സ്‌നേഹിക്കാനുമാണ് വിശ്വാസികള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനരികിലെത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍.


 തികഞ്ഞ ആത്മീയാനന്ദം അനുഭവിച്ചിരുന്ന വ്യക്തിയായാണ് വിശുദ്ധനെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലീനരുള്‍പ്പെടെയുള്ളവര്‍ അനുസ്മരിക്കുന്നതെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ നാമധേയത്തിലുള്ള ബസലിക്കയില്‍ മാര്‍ച്ച് 15 ഞായറാഴ്ച അര്‍പ്പിച്ച വിശുദ്ധ ബലിമദ്ധ്യേ പ്രസ്താവിച്ചു.

യാക്കോബ് ശ്ലീഹ പ്രതിപാദിക്കുന്ന ആനന്ദത്തിന്റെ, തികഞ്ഞ ആത്മീയ നിര്‍വൃതിയുടെ വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് അസ്സീസിയെന്ന്, വിശുദ്ധന്റെ സഹചാരിയും കുമ്പസാരക്കാരനും സെക്രെട്ടറിയുമായിരുന്ന അഭി. ലിയോയെ പരാമര്‍ശിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പരൊളീന്‍ പറഞ്ഞു. 

ആദ്ധ്യാത്മികമായ വിജയത്തിലോ, ഒരുപാട് കാര്യങ്ങള്‍ അറിയുന്നതിലോ, നന്നായി പ്രസംഗിക്കുന്നതിലോ, അവിശ്വാസികളെ പരിവര്‍ത്തനപ്പെടുത്തുന്നതിലോ, ഒരുപാട് അത്ഭുതങ്ങള്‍ ചെയ്യുന്നതിലോ അല്ല ആത്മീയാനന്ദം അടങ്ങിയിരിക്കുന്നതെന്ന് വിശുദ്ധ ഫ്രാന്‍സിസ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ എളിമയോടെയും ക്ഷമയോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നതിലാണ് പൂര്‍ണ്ണമായ ആനന്ദം അടങ്ങിയിരിക്കുന്നതെന്നാണ് വിശുദ്ധ ഫ്രാന്‍സിസ് പഠിപ്പിക്കുന്നത്. 

വിശുദ്ധ ഫ്രാന്‍സിസ് ദാരിദ്ര്യം തിരഞ്ഞെടുത്തത്, സമ്പത്തിനെ തള്ളിക്കളയുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച്, ക്രിസ്തുവിനോട് കൂടുതല്‍ സമരസപ്പെട്ട് ജീവിക്കാനും, ദരിദ്രരുടെ അപമാനങ്ങളിലും ബുദ്ധിമുട്ടുകളിലും പങ്കുചേരാനുമാണെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

അഭി. മസ്സേയോ, വിശുദ്ധ ഫ്രാന്‍സിസിന്റെ ആദ്യ ജീവചരിത്രമെഴുതിയ ചെലാനോയിലെ തോമസ് (11901265), വിശുദ്ധ ബൊനവന്‍ച്വര്‍ തുടങ്ങിയവരെ അധികരിച്ച് സംസാരിച്ച കര്‍ദ്ദിനാള്‍ പരൊളീന്‍, മുഖ സൗന്ദര്യത്തിന്റെയോ ആകാരത്തിന്റെയോ കുടുംബമഹിമയുടെയോ വിദ്യാഭ്യാസത്തിന്റെയോ പേരിലായിരുന്നില്ല വിശുദ്ധന്‍ ശ്രദ്ധേയനായതെന്ന് പ്രസ്താവിച്ചു. 

ആഗോളപരമായ സഹോദര്യമെന്ന ചിന്തയും വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം ആകര്‍ഷണീയമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെയും, മനുഷ്യരുടെയും സൃഷ്ടലോകത്തിന്റെയും, പ്രപഞ്ചത്തിന്റെയും സഹോദരനായിരുന്നു അദ്ദേഹം.

സൃഷ്ടലോകത്തിലെ എല്ലാവരോടും എല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം, സൃഷ്ടാവിനോടുള്ള സ്‌നേഹം കാരണമായിരുന്നുവെന്നും, സൃഷ്ടികളില്‍ ദൈവത്തിന്റെ സ്‌നേഹമാണ് പടര്‍ന്നിരുന്നതെന്ന് വിശുദ്ധന്‍ മനസ്സിലാക്കിയിരുന്നുവെന്നും കര്‍ദ്ദിനാള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു.

ദാരിദ്ര്യത്തില്‍ ജീവിക്കാനാകുന്നില്ലെങ്കിലും പരിമിതമായ കാര്യങ്ങളോടെ ജീവിക്കാനും, ചെറിയ കാര്യങ്ങളില്‍പ്പോലും ആനന്ദം കണ്ടെത്താനും, എല്ലായിടങ്ങളിലും സഹോദര്യത്തില്‍ ജീവിക്കാനുമുള്ള ഉദ്‌ബോധനമാണ് വിശുദ്ധന്‍ നല്‍കുന്നതെന്നും, എല്ലാം വാരിക്കൂട്ടാനും ആഡംബരപരമായി ഉപഭോഗസംസകാരത്തോടെ ജീവിക്കാനുമുള്ള പ്രലോഭനത്തിനുള്ള മറുമരുന്നാണ് ഇതെന്നും കര്‍ദ്ദിനാള്‍ പരൊളീന്‍ കൂട്ടിച്ചേര്‍ത്തു. 

Tags

Share this story

From Around the Web