15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ്
ഫ്രാന്‍സ്: 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഫ്രഞ്ച് പാര്‍ലമെന്റ് നിര്‍ണായക ബില്‍ പാസാക്കി. ഇതോടെ കുട്ടികള്‍ക്ക് തടസ്സങ്ങളില്ലാതെ സോഷ്യല്‍ മീഡിയ ആക്‌സസ് ചെയ്യുന്നത് തടയുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി ഫ്രാന്‍സ് മാറി.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളില്‍ ഒന്നായാണ് ഈ നിയമനിര്‍മ്മാണത്തെ കണക്കാക്കുന്നത്. വരാനിരിക്കുന്ന സെപ്റ്റംബറോടെ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സെനറ്റിന്റെ അംഗീകാരത്തിന് ശേഷം ഫ്രഞ്ച് നാഷണല്‍ അസംബ്ലി 81-നെതിരെ 279 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. സെപ്റ്റംബര്‍ 1 മുതല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല. നിലവിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സമയം അനുവദിക്കും.
കുട്ടികളെയും കൗമാരക്കാരെയും ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ യൂറോപ്പിന് തന്നെ ഫ്രാന്‍സ് മാതൃകയാവുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കുകയുണ്ടായി. നിയമം ഭരണഘടനാ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരിക.