ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍
May 14, 2026, 19:38 IST
താമരശേരി: താമരശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കലിനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറലായി നിയമിച്ചു. 2022 മുതല്‍ അദ്ദേഹം മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തു വരികയാണ്.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പഠന വിഭാഗം അധ്യക്ഷന്‍, ബാച്ച് ആനിമേറ്റര്‍, തിയോളജി വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കല്‍, ആനക്കാംപൊയില്‍, വേനപ്പാറ, തോട്ടുമുക്കം ഇടവകകളില്‍ അസി. വികാരിയായും പന്തല്ലൂര്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
പശുക്കടവ് ഇടവക പുളിക്കല്‍ പരേതനായ കുര്യന്റെയും മേരിയുടെയും മകനാണ്. സഹോദരന്‍ ഫാ. ബിനു പുളിക്കല്‍ കണ്ണോത്ത് ഇടവക വികാരിയാണ്.