ഫാ. തോമസ് വേങ്കടത്ത് കോറെപ്പിസ്കോപ്പയായി അഭിഷിക്തനായി

കോട്ടയം : മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. തോമസ് വേങ്കടത്ത് (65) കോറെപ്പിസ്കോപ്പയായി അഭിഷിക്തനായി. ഓഗസ്റ്റ് 21 വ്യാഴാഴ്ച കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ വെച്ച് നടന്ന അഭിഷേക ശുശ്രൂഷയ്ക്ക് സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പൊലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പൊലീത്ത ശുശ്രൂഷയിൽ സംബന്ധിച്ചു.
തിരുവഞ്ചൂർ മർത്തമറിയം പള്ളി ഇടവകയിൽ വേങ്കടത്ത് ചെറിയാൻ അന്ത്രയോസ് - ഏലിയാമ്മ ദമ്പതികളുടെ മകനായി 1960 ജനനം. 1988ൽ ഡിസംബർ 11നു വൈദീക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസനത്തിൽ 25 പള്ളികളിലും, യുഎസിൽ നോർത്ത് കരോലൈനയിലെ ഷാർലറ്റ് സെന്റ് ജോർജ് യാക്കോബായ പള്ളിയിലും സേവനം ചെയ്തു. സഭാ മാനേജിങ് കമ്മിറ്റിയംഗം, അഖില മലങ്കര യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കോട്ടയം ഭദ്രാസന വൈദീക സംഘം കമ്മിറ്റിയംഗം, ഭദ്രാസന കൗൺസിൽ അംഗം തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയ പള്ളി, മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളി എന്നിവിടങ്ങളിൽ വികാരിയും, ഭദ്രാസന ശുശ്രുഷക സംഘം വൈസ് പ്രസിഡന്റുമാണ് ബഹുമാനപ്പെട്ട അച്ചൻ. മണർകാട് സെന്റ് മേരീസ് കോളജിലെ സുറിയാനി അധ്യാപകനായിരുന്നു.